സൂപ്പര്‍ പോരാട്ടത്തില്‍ ബ്രസീലിനെ പരാജയപ്പെടുത്തി അര്‍ജന്റീന 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് മുന്‍ ചാമ്പ്യന്‍മാര്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്. യോഗ്യതാമത്സരത്തില്‍ 4 -1 ന്റെ വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. വിജയത്തോടെ ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് 2026 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാകാനും അര്‍ജന്റീനയ്ക്ക് സാധിച്ചു.
ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റര്‍, ജൂലിയാനോ സിമിയോണ്‍ എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. മാത്യൂസ് കുന്‍ഹയാണ് ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
മത്സരത്തില്‍ നാലാം മിനുട്ടില്‍ തന്നെ ബ്രസീലിന്റെ വല കുലുക്കി അല്‍വാരസാണ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. ആറ് മിനിറ്റിനുശേഷം ചെല്‍സിയുടെ ഫെര്‍ണാണ്ടസ് ആതിഥേയരുടെ രണ്ടാം ഗോളും നേടി. ഗോളിനായി കിണഞ്ഞു പരിശ്രമിച്ച ബ്രസീല്‍ 26-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയുടെ പിഴവ് മുതലാക്കി തിരിച്ചടിച്ചു. കുന്‍ഹയുടെ ഗോള്‍ ബ്രസീലിന് പ്രതീക്ഷകള്‍ സമ്മാനിച്ചെങ്കിലും അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.
37-ാം മിനിറ്റില്‍ മാക് അലിസ്റ്റര്‍ മുന്‍ ചാമ്പ്യന്‍മാരുടെ മൂന്നാം ഗോളും കണ്ടെത്തി. അതോടെ സ്‌കോര്‍ 3 – 1 ഉയര്‍ന്നു. പിന്നീട് കളിയില്‍ അര്‍ജന്റീന പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു. 71-ാം മിനിറ്റില്‍ സിമിയോണി നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.
മത്സരത്തില്‍ അര്‍ജന്റീനക്കായിരുന്നു സമ്പൂര്‍ണ ആധിപത്യം. നീലകുപ്പായക്കാര്‍ പന്ത്രണ്ട് ഷോട്ടുകളാണ് ബ്രസീലിന്റെ പോസ്റ്റിലേക്ക് അടിച്ചത്. അതേസമയം ബ്രസീലിന് മൂന്ന് ഷോട്ടുകള്‍ക്ക് മാത്രമേ അവസരം ലഭിച്ചുള്ളൂ. അര്‍ജന്റീന ആറ് കോര്‍ണര്‍ കിക്കുകള്‍ നേടിയപ്പോള്‍ ബ്രസീലിന് ഒരെണ്ണം പോലും നേടാനായില്ല.
സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയതെങ്കിലും കളത്തില്‍ നിന്ന് വിജയം സ്വന്തമാക്കിയാണ് നീലക്കുപ്പായക്കാര്‍ കൂടാരത്തിലേക്ക് കയറിയത്. പരിക്ക് കാരണമാണ് മെസി കളിക്കാതിരുന്നത്. എം.എല്‍.എസില്‍ ഇന്റര്‍മയാമിക്ക് വേണ്ടി കളിക്കുന്നതിനിടയിലാണ് മെസിക്ക് പരിക്ക് പറ്റിയത്.
നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി പത്ത് ടീമുകളുടെ യോഗ്യതാ ഗ്രൂപ്പില്‍ അര്‍ജന്റീന മുന്നിലാണ്. അതേസമയം, 21 പോയിന്റുമായി ബ്രസീല്‍ നാലാം സ്ഥാനത്താണ്.
content highlights: Argentina beat Brazil without Messi; First team from Latin America to qualify for the 2026 World Cup