മെസ്സിയില്ലാത്ത അർജന്റീന; ബൊളീവിയയെ ഹോം ഗ്രൗണ്ടിൽ കേറി വെട്ടി
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന.
സൂപ്പർ താരം ലയണൽ മെസിയില്ലാതെയാണ് അർജന്റീന ടീം കളത്തിലിറങ്ങിയത്. ആദ്യ 18 അംഗ ടീമിൽ താരം ഉണ്ടായിരുന്നില്ല. സൂപ്പർതാരത്തിന് കോച്ച് വിശ്രമം അനുവദിച്ചിരുന്നു. മെസിയില്ലാതെ തന്നെ മികച്ച പ്രകടനമാണ് അർജന്റീന കാഴ്ചവെച്ചത്.
ബൊളീവിയയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഹെർണാണ്ടോ സൈൽസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 31ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസ് ആണ് അർജന്റീനയെ മുന്നിലെത്തിച്ചത്. വലതുകോർണറിൽ നിന്നും എയ്ഞ്ചൽ ഡി മരിയയുടെ പാസ് സ്വീകരിച്ച എൻസോ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ബൊളീവിയൻ പ്രതിരോധനിര താരം റോബർട്ടോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ബൊളീവിയ പത്ത് പേരായി ചുരുങ്ങി. ഈ അവസരം കൃത്യമായി മുതലാക്കാൻ അർജന്റീനക്ക് സാധിച്ചു.
41ാം മിനിട്ടിൽ ഡി മരിയയുടെ പാസിൽ നിക്കോളാസ് തക്ലിഫിക്ക നേടിയ ഹെഡർ ഗോളിലൂടെ അർജന്റീന ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതി പിന്നിടുമ്പോൾ ആൽബിസെലെസ്‌റ്റെനിയൻസ് രണ്ട് ഗോളിന് മുന്നിട്ടുനിന്നു.
83ാം മിനിട്ടിൽ എക്‌സിക്വിയൽ പലാസിയോസിന്റെ പാസ് സ്വീകരിച്ച നിക്കോ ഗോൺസാലസ് മികച്ച ഫിനിഷിലൂടെ മൂന്നാം ഗോളും നേടി സന്ദർശകർ വിജയം പിടിച്ചെടുക്കുകയായിരുന്നു.
നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവുമായി പോയിന്റ് പട്ടികയിൽ ബ്രസീലിന് താഴെ രണ്ടാം സ്ഥാനത്താണ് അർജന്റീന.
ഒക്‌ടോബർ 15 ന് ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടും.
Content Highlight: Argentina beat Bolivia 3-0 without Messi