| Saturday, 14th October 2023, 11:04 pm

ഒറ്റ ഓവറില്‍ അടിച്ചെടുത്തത് 52 റണ്‍സ്, ടി-20യില്‍ ഒരു ടീം നേരിട്ടത് 192 പന്ത്; കണ്ണുതള്ളി ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ചിലി വനിതാ ടീമിന്റെ അര്‍ജന്റൈന്‍ പര്യടനത്തിലെ ആദ്യ മത്സരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ബ്യൂണസ് ഐറിസില്‍ നടന്ന മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തെ പല റെക്കോഡുകളും പിറന്നിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അര്‍ജന്റീനയാണ് വെടിക്കെട്ട് നടത്തിയത്. അര്‍ജന്റീനയുടെ ഓപ്പണര്‍മാര്‍ രണ്ട് പേലും സെഞ്ച്വറിയടിച്ചാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

ഇരുവരും 84 പന്ത് വീതമാണ് നേരിട്ടത് എന്നതാണ് ഇതിലെ രസകരമായ വസ്തുത. ഓപ്പണര്‍മാരായ ലൂക്ക ടെയ്‌ലര്‍ 84 പന്തില്‍ 169 റണ്‍സ് നേടിയപ്പോള്‍ 84 പന്തില്‍ പുറത്താകാതെ 145 റണ്‍സായിരുന്നു ഗാലന്റെ സമ്പാദ്യം.

നോ ബോളിലൂടെയാണ് ഇവര്‍ ഇത്രയധികം പന്ത് നേരിട്ടതും റണ്‍സ് അടിച്ചെടുത്തതും. 73 റണ്‍സാണ് എക്‌സ്ട്രാസ് ഇനത്തില്‍ പിറന്നത്. ഇതില്‍ ഭൂരിഭാഗവും നോ ബോളിലൂടെയുമാണ് പിറന്നത്.

64 നോ ബോളാണ് ചിലിയന്‍ വനിതാ ടീം എറിഞ്ഞത്. ഇതിന് പുറമെ എട്ട് വൈഡും ഇവര്‍ എറിഞ്ഞിരുന്നു. ലെഗ് ബൈ ഇനത്തിലൂടെ ഒരു റണ്‍സും അര്‍ജന്റീനയുടെ അക്കൗണ്ടിലെത്തി. നോ ബോളും വൈഡും എല്ലാം ചേര്‍ത്ത് 192 പന്താണ് ഇവര്‍ ഒരു ടി-20 ഇന്നിങ്‌സില്‍ നേരിട്ടത്.

ചിലിയന്‍ ബൗളിങ് നിര അമ്പേ പരാജയമായ മത്സരമായിരുന്നു ഇതെന്ന് എടുത്ത് പറയേണ്ട ആവശ്യമില്ലല്ലോ. നാല് ഓവറില്‍ 57 റണ്‍സ് വഴങ്ങിയ എസ്പരാന്‍സോ റൂബയോ ആണ് കൂട്ടത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞത്.

ജെസീക്ക മിറാന്‍ നാല് ഓവറില്‍ 64 റണ്‍സ് വഴങ്ങിയപ്പോള്‍ കാമില വാല്‍ഡെസ് 78 റണ്‍സും കോണ്‍സ്റ്റാന്‍സ ഒയ്‌റേസ് 92 റണ്‍സും എമിലിയ ടോറോ 83 റണ്‍സും വഴങ്ങി.

52 റണ്‍സ് വഴങ്ങിയ ഫ്‌ളോറന്റീന മാര്‍ട്ടീനസാണ് ചിലി നിരയില്‍ ഏറ്റവും മോശം രീതിയില്‍ പന്തെറിഞ്ഞത്. മാര്‍ട്ടീനസ് വഴങ്ങിയ 52 റണ്‍സും ഒരു ഓവറിലായിരുന്നു എന്നതാണ് ഇതിലെ അത്ഭുതപ്പെടുത്തുന്ന വസ്തുത. 52.00 ആണ് മത്സരത്തില്‍ താരത്തിന്റെ എക്കോണമി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സാണ് അര്‍ജന്റീന നേടിയത്. അന്താരാഷ്ട്ര വനിതാ ടി-20യിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്.

120 പന്തില്‍ 428 റണ്‍സ് എന്ന അപ്രാപ്യമായ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചിലിക്ക് തൊട്ടതെല്ലാം പിഴച്ചു. റണ്‍സ് വിട്ടുകൊടുത്തതിലുള്ള ആവേശം റണ്‍സെടുക്കാന്‍ ഇവര്‍ക്കുണ്ടായിരുന്നില്ല.

ചിലിയന്‍ നിരയില്‍ ഒരാള്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 29 പന്തില്‍ 27 റണ്‍സ് നേടിയ ജെസീക്ക മിറാന്‍ഡയാണ് ചിലിയുടെ ടോപ് സ്‌കോറര്‍.

ചിലിയെ പോലെ അര്‍ജന്റീനയും എക്‌സ്ട്രാസ് ഇനത്തില്‍ റണ്‍സ് വഴങ്ങിയിരുന്നു. 26 വൈഡും രണ്ട് നോ ബോളും ഒരു ബൈയും ഉള്‍പ്പെടെ 29 റണ്‍സ് എക്‌സ്ട്രാ ഇനത്തിലും ചിലിക്ക് ലഭിച്ചു.

ഒടുവില്‍ 15 ഓവറില്‍ ചിലി 63 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ 364 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവും അര്‍ജന്റീന ആഘോഷിച്ചു.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും അര്‍ജന്റീനക്കായി. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.30നാണ് പരമ്പരയിലെ രണ്ടാം മത്സരം. ബ്യൂണസ് ഐറിസ് തന്നെയാണ് വേദിയാകുന്നത്.

Content Highlight: Argentina batter scored 52 runs in an over against Chile

We use cookies to give you the best possible experience. Learn more