ഘടികാരങ്ങള്‍ നിലച്ചില്ല; സ്വന്തം നാട്ടിലെ ലോകകപ്പില്‍ അര്‍ജന്റീന പുറത്ത്; ബ്രസീല്‍ ക്വാര്‍ട്ടറില്‍
football news
ഘടികാരങ്ങള്‍ നിലച്ചില്ല; സ്വന്തം നാട്ടിലെ ലോകകപ്പില്‍ അര്‍ജന്റീന പുറത്ത്; ബ്രസീല്‍ ക്വാര്‍ട്ടറില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st June 2023, 4:45 pm

സ്വന്തം നാട്ടില്‍ നടക്കുന്ന അണ്ടര്‍-20 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കാണാതെ അര്‍ജന്റീന പുറത്ത്. ആതിഥേയരായ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ നൈജീരിയോട് തോറ്റപ്പോള്‍ ടുണീഷ്യയെ പരാജയപ്പെടുത്തി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഫ്ളൈയിങ് ഈഗിള്‍സ് 2-0നാണ് അര്‍ജന്റീനയെ തകര്‍ത്തത്.

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ന്യൂസിലാന്‍ഡ്, ഉസ്ബക്കിസ്ഥാന്‍, അര്‍ജന്റീന, ടുണീഷ്യ, സ്ലൊവാക്യ, ഇംഗ്ലണ്ട് എന്നീ ആറ് ടീമുകളാണ് നിലവില്‍ പുറത്തായത്. ബുധനാഴ്ച രാത്രി നടന്ന മത്സരങ്ങളില്‍ കൊളംബിയ 5-0ന് സ്ലൊവാക്യയെയും ബ്രസീല്‍ 4-1ന് ടുണീഷ്യയെയും ഇറ്റലി 2-1ന് ഇംഗ്ലണ്ടിനെയും തോല്‍പിച്ചു.

അതേസമയം അര്‍ജന്റീനക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇബ്രാഹിം മുഹമ്മദിദും റില്‍വാനു ഹാലിരു സാര്‍ക്കിയുമാണ് നൈജീരിയക്കായി ഗോളുകള്‍ നേടിയത്. അര്‍ജന്റൈന്‍ സീനിയര്‍ ടീമിന്റെ മുന്‍ നായകന്‍ ഹാവിയര്‍ മഷറാനോയാണ് അണ്ടര്‍-20 ലോകപ്പിന്റെ ഹെഡ് കോച്ച്. ടീം പുറത്തായതോടെ മഷറാനോയായുടെ സ്ഥാനത്തിന് ഭീഷണി ഉയരുന്നുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

അതേസമയം, ആദ്യ ക്വാര്‍ട്ടറില്‍ ഇസ്രഈലിനെയാണ് ബ്രസീല്‍ നേരിടുക. ഇറ്റലി കൊളംബിയയെ നേരിടുമ്പോള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച നൈജീരിയ, യു.എസ്.എ ടീമുകള്‍ക്കുള്ള എതിരാളികളായിട്ടില്ല. പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിലെ അവസാന മത്സരങ്ങള്‍ വ്യാഴാഴ്ച നടക്കും. ഗാംബിയ ഉറുഗ്വേയെയും ഇക്വഡോര്‍ ദക്ഷിണ കൊറിയയെയുമാണ് നേരിടുക. ഈ മത്സരത്തിലെ വിജയികളാകും ക്വാര്‍ട്ടറില്‍ നൈജീരിയ, യു.എസ്.എ ടീമുകളുടെ എതിരാളികള്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച മുതലാണ് ആരംഭിക്കുക.