മോസ്‌കോ: മെസ്സിയുടേയും റൊണാള്‍ഡോയുടേയും ആരാധകര്‍ എന്നും പരസ്പര യുദ്ധത്തിലാണ്. ആരാണ് കേമന്‍ എന്ന കാര്യത്തില്‍ എത്ര സമയം വാദിക്കാനും ഇരുകൂട്ടരും തയ്യാര്‍. പരസ്പരം കളിയാക്കിയും, കുറ്റം പറഞ്ഞുമെല്ലാമാണ് കേരളത്തില്‍ പോലും പലയിടത്തും ഉയര്‍ന്നിരിക്കുന്ന ഫ്‌ളക്‌സുകള്‍.
എല്‍-ക്ലാസിക്കോയില്‍ പലതവണ രണ്ട് പേരും ഏറ്റ് മുട്ടിയിട്ടുണ്ട്. ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സിലോണയും തമ്മില്‍ കളിക്കുമ്പോള്‍ മത്സരം ഇരുവരുടേയും ആരാധകരുടേത് കൂടെയാകുന്നു.
ഈ ലോകകപ്പിലും ഇരു താരങ്ങളുടേയും ആരാധകര്‍ തമ്മില്‍ പലപ്പോഴും വാഗ്വാദങ്ങളുണ്ടായി. ക്രിസ്റ്റ്യാനോ സ്‌പെയിനിനെതിരെ ഹാട്രിക്ക് നേടുകയും മൊറോക്കോക്കെതിരെ ഒരു ഗോള്‍ നേടുകയും ചെയ്തപ്പോള്‍ ലയണല്‍ മെസ്സി ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ തീര്‍ത്തും നിറം മങ്ങി. താരം ഒരു പെനാല്‍റ്റി പാഴാക്കുക കൂടെ ചെയ്തതോടെ പരിഹാസങ്ങളും, ട്രോളുകളുമായി.
എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി കൊണ്ട് നൈജീരയയ്ക്ക് എതിരായ മത്സരത്തില്‍ ഗോളടിച്ച് മെസ്സി തിരിച്ച് വരവ് നടത്തി, ക്രിസ്റ്റ്യാനോ ആവട്ടെ അവസാന മത്സരത്തില്‍ ഒരു പെനാല്‍റ്റി പാഴാക്കി. ഇതോടെ പരിഹാസം റോണോക്ക് നേരെയായി.
എന്നാല്‍ ഇവര്‍ രണ്ട് പേരുടേയും ടീമുകള്‍ പരസ്പരം കളിക്കാന്‍ അരങ്ങൊരുങ്ങുകയാണ് ലോകകപ്പില്‍. അടുത്ത മത്സരത്തില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ജയിക്കുക ആണെങ്കില്‍ ഇരു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടും. ഇത് ഒരു ക്രിസ്റ്റ്യാനോ-മെസ്സി പോരിനാണ് വഴിയൊരുക്കുക.
ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ പോര്‍ച്ചുഗലിന് അടുത്ത മത്സരം ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായ ഉറുഗ്വേയോടാണ്. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയുടെ അടുത്ത മത്സരം ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായ ഫ്രാന്‍സിനോടും. ഇരു ടീമുകളും ഈ കടമ്പകള്‍ തരണം ചെയ്യുകയാണെങ്കില്‍ അടുത്ത മത്സരം പോര്‍ച്ചുഗലും അര്‍ജന്റീനയും തമ്മിലായിരിക്കും.
എന്നാല്‍ എളുപ്പമായിരിക്കില്ല ഇരു ടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടര്‍ കടമ്പ. ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നായ ഫ്രാന്‍സിനെ പരാജയപ്പെടുത്താന്‍ പ്രീ ക്വാര്‍ട്ടറില്‍ കഷ്ടിച്ച് കടന്ന് കൂടിയ അര്‍ജന്റീനക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ മത്സരത്തില്‍ ഇറാനെതിരെ മോശം പ്രകടനം കാഴ്ച വച്ച പോര്‍ച്ചുഗലിന് ക്രിസ്റ്റ്യാനോയെ മാത്രം ആശ്രയിച്ച് ഉറുഗ്വേയെ നേരിടാനും സാധിക്കില്ല.
എന്നാല്‍ ഇരു ടീമുകളും ജയിച്ചാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒരു മത്സരം ആയിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ അരങ്ങേറുക.