ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കാന്‍ യൂറോപ്പിലെ ചാമ്പ്യന്‍മാരായ ഇറ്റലിയും ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും ഏറ്റുമുട്ടും.
ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനായ കണ്‍മെബോള്‍, യൂറോപ്പ്യന്‍ ഫെഡറേഷനായെ യുവേഫയ്‌ക്കെതിരെ നടത്തുന്ന മത്സരമാണ് അര്‍ജന്റീന-ഇറ്റലി മത്സരം.
കണ്‍മെബോളിന്റെ കീഴിലുള്ള കോപ്പാ അമേരിക്ക 2022ല്‍ ചാമ്പ്യന്‍മാരായിരുന്നു അര്‍ജന്റീന. ഇറ്റലിയാകട്ടെ യുവേഫ യൂറോ കപ്പ് ചാമ്പ്യന്‍മാരും. ചാമ്പ്യന്‍മാരുടെ ഈ പോരാട്ടത്തെ ഫൈനലിസിമ്മ എന്നാണ് അറിയപ്പെടുന്നത്.
ലണ്ടണിലെ വെംബ്ലി സ്റ്റേഡിത്തിലാണ് മത്സരം നടക്കുക. ജൂണ്‍ രണ്ടാം തീയതി ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം ആരംഭിക്കുക.
കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേിക്ക ഫൈനലില്‍ ബ്രസീലിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ചാമ്പ്യന്‍മാരായത്. യൂറോകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടായിരുന്നു ഇറ്റലിയുടെ എതിരാളികള്‍. ആവേശകരമായ പെനാല്‍ട്ടി ഷൂട്ട് ഔട്ടിലായിരുന്നു ഇറ്റലി വിജയിച്ചത്.
മെസി, ഡി പോള്‍, ഡി മരിയ, റോമേറൊ, മാര്‍ട്ടിനെസ് എന്നിവരാണ് അര്‍ജന്റീനയുടെ പ്രധാന ശക്തികള്‍. മെസിക്ക് വേണ്ടി എന്തിനും പോന്നവരാണ് ഇപ്പോഴുള്ള അര്‍ജന്റൈന്‍ ടീമെന്ന് കഴിഞ്ഞ കോപ്പയില്‍ അവര്‍ തെളിയിച്ചതാണ്.
ജോര്‍ജീനൊ, ഗോള്‍കീപ്പര്‍ ഡോണറുമ്മ, ചെല്ലിനി, ബോണൂച്ചി, വെറാട്ടി, ഇമ്മോബീല്‍, ചീസ എന്നിവരാണ് ഇറ്റലിയുടെ ശക്തികള്‍. ഖത്തര്‍ ലോകകപ്പില്‍ യോഗ്യത നേടാന്‍ സാധിക്കാതെപോയ ഇറ്റലിക്ക് ലോകത്തിന് മുന്നില്‍ ഇപ്പോഴും മികച്ച ടീമാണെന്ന് തെളിയിക്കാനുള്ള അവസരമാണ് ഫൈനലിസിമ്മ.
ഇതുവരെ ഇരു ടീമുകളും 16 മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ആറെണ്ണത്തില്‍ അര്‍ജന്റീനയും അഞ്ച് തവണ ഇറ്റലിയും വിജയിച്ചു. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇരുവരും ഏറ്റുമുട്ടിയ അവസാന നാല് കളികളില്‍ നാലിലും വിജയം ഇറ്റലിക്കൊപ്പമായിരുന്നു.
എന്തായാലും വെംബ്ലി സ്റ്റേഡിയത്തില്‍ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ തീപാറുമെന്നുറപ്പ്.