ബ്യൂണസ് ഐറിസ്: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോക്കെതിരെ അര്‍ജന്റീന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍. മഡുറോക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. മഡുറോ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് നടപടി.
വെനസ്വേല അധികൃതര്‍ക്കെതിരെ അര്‍ജന്റീന തിങ്കളാഴ്ച ഹരജി സമര്‍പ്പിക്കും. ജൂലൈ 24ന് നടന്ന തെരഞ്ഞെടുപ്പില്‍ മഡുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2000ത്തിലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
മഡുറോ നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്ന് സായുധ സേനയോട് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കളായ ഡ്മുണ്ടോ ഗോണ്‍സാലസ്, മരിയ കൊറിന മച്ചാഡോ എന്നിവര്‍ക്കെതിരെ വെനസ്വേല സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
അതേസമയം അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, അര്‍ജന്റീന ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ മഡുറോ സര്‍ക്കാരിനെ തള്ളി രംഗത്തെത്തുകയും ചെയ്തിരുന്നു. അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെ, മഡൂറോയെ സ്വേച്ഛാധിപതിയായി മുദ്ര കുത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് മിലെയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നിക്കോളാസ് മഡുറോ രംഗത്തെത്തി. മിലെയെ രാക്ഷസ മുഖമെന്ന് വിശേഷിപ്പിച്ച മഡുറോ, അര്‍ജന്റീനയുമായുള്ള വെനസ്വേലയുടെ നയതന്ത്ര ബന്ധം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടു. അര്‍ജന്റീനയിലെ നയതന്ത്രജ്ഞരെ വെനസ്വേല തിരിച്ചുവിളിക്കുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് വെനസ്വേല സര്‍ക്കാരിനെതിരെ അര്‍ജന്റീന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍ റഷ്യ, ചൈന അടക്കമുള്ള ഏതാനും രാജ്യങ്ങള്‍ മഡുറോ സര്‍ക്കാരിനെ അംഗീകരിച്ച് പ്രതികരിക്കുകയും രാജ്യത്തെ വോട്ടര്‍മാരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടുകള്‍ നേടിയാണ് മഡുറോ അധികാരത്തിലേറുന്നത്. ഫലം പ്രഖ്യാപിച്ചതോടെ ബാലറ്റില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
മഡുറോയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എഡ്മുണ്ടോ ഗോണ്‍സാലസ്, തെരഞ്ഞെടുപ്പില്‍ താന്‍ 67 ശതമാനം വോട്ട് നേടിയതായി അവകാശപ്പെടുകയും ചെയ്തിരുന്നു.
അതേസമയം ജൂണ്‍ മാസത്തില്‍ സാമ്പത്തിക പരിഷ്‌കരണ ചര്‍ച്ചക്കിടെ അര്‍ജന്റീനയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമുണ്ടായി. പൊതു വ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കുന്ന ജാവിയര്‍ മിലെയുടെ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്. സ്വകാര്യവത്കരണത്തിനനുകൂലമായ ബില്‍ സെനറ്റില്‍ പാസാക്കാനിരിക്കെയായിരുന്നു രാജ്യത്ത് പ്രതിഷേധം ഉടലെടുത്തത്.
സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കാവശ്യമായ ചര്‍ച്ചകള്‍ സെനറ്റില്‍ നടന്നു കൊണ്ടിരിക്കെ ആയിരക്കണക്കിനാളുകള്‍ ബ്യൂണസ് ഐറിസിന്റെ തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
Content Highlight: Argentina against Venezuelan President Nicolás Maduro at the International Criminal Court