മോഹൻലാൽ ചിത്രം; രണ്ടാംഭാഗത്തിന്റെ ഷൂട്ട്‌ കഴിഞ്ഞു, ഇനി എടുക്കാനുള്ളത് ഒന്നാംഭാഗം: അർഫാസ് അയൂബ്
Entertainment
മോഹൻലാൽ ചിത്രം; രണ്ടാംഭാഗത്തിന്റെ ഷൂട്ട്‌ കഴിഞ്ഞു, ഇനി എടുക്കാനുള്ളത് ഒന്നാംഭാഗം: അർഫാസ് അയൂബ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th August 2024, 8:49 am

ഒന്നിച്ച ആദ്യ ചിത്രത്തിൽ തന്നെ മലയാളത്തിലെ ഹിറ്റ്‌ കോമ്പോയായി മാറിയ കൂട്ടുകെട്ടാണ് ജീത്തു ജോസഫ് – മോഹൻലാൽ. ദൃശ്യം, ദൃശ്യം 2, നേര് തുടങ്ങി ഇരുവരും ഒന്നിച്ച പടങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ പ്രഖ്യാപനം മുതൽ വലിയ രീതിയിൽ ഹൈപ്പ് കയറി ഇത്‌ വരെ റിലീസാവാത്ത ഒരു മോഹൻലാൽ – ജീത്തു ചിത്രമുണ്ട്, റാം. ഷൂട്ടിങ് തുടങ്ങിയെങ്കിലും കൊവിഡ് സമയത്ത് നിന്ന് പോവുകയായിരുന്നു റാമിന്റെ ഷൂട്ട്‌. പിന്നീട് പുനരാരംഭിച്ചെങ്കിലും പല പ്രശ്നങ്ങൾ കാരണം ചിത്രം മുടങ്ങി പോവുകയായിരുന്നു.

എന്നാൽ ചിത്രത്തിന് ഇനി അമ്പത് ദിവസത്തെ ഷൂട്ടാണ് ബാക്കിയുള്ളതെന്നും രണ്ട് പാർട്ടുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ട്‌ ചെയ്ത് കഴിഞ്ഞെന്നും സംവിധായകനും ജീത്തു ജോസഫിന്റെ സഹായിയുമായ അർഫാസ് അയൂബ് പറയുന്നു.

ഒന്നാം ഭാഗത്തിന്റെ ഷൂട്ടാണ് ബാക്കിയുള്ളതെന്നും വലിയ ക്യാൻവാസിലാവും ചിത്രം പ്രേക്ഷകർക്കിടയിലേക്ക് എത്തുകയെന്നും അർഫാസ് പറഞ്ഞു. ഇപ്പോൾ തിയേറ്ററിൽ പ്രദർശനം തുടരുന്ന ലെവൽ ക്രോസിന്റെ സംവിധായകൻ അർഫാസാണ്. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജിത്തുജോസഫിന്റെ ഫിലിം മേക്കിങ് വളരെ വ്യത്യസ്തമാണ്. അത് പകർത്താൻ ശ്രമിച്ചിട്ടില്ല. അതിൽനിന്ന് പഠിച്ച പാഠങ്ങൾ ഉപയോഗിച്ച് എനിക്ക് എന്ത് ചെയ്യാനാകും എന്നാണ് നോക്കുന്നത്. ജിത്തുവിന്റെ ഹിന്ദി ചിത്രം ബോഡിയിലാണ് ആദ്യമായി സംവിധാന സഹായിയാകുന്നത്. ദൃശ്യം 2 മുതൽ റാം വരെയുള്ള ചിത്രങ്ങളിൽ ഒപ്പം പ്രവർത്തിച്ചു. അടുത്ത ചിത്രത്തിലും വർക്ക് ചെയ്യും.

വലിയ ക്യാൻവാസിലാണ് റാം ഒരുങ്ങുന്നത്. ചിത്രീകരണം ഏതാണ്ട് പൂർത്തിയായി. 50 ദിവസത്തെ ഷൂട്ട് കൂടിയാണുള്ളത്. യു.കെ, ടുണീഷ്യ, മണാലി, കൊച്ചി, ദൽഹി എന്നിങ്ങനെ കുറെ ലൊക്കേഷനുണ്ട്. രണ്ടു ഭാഗവും ഒരുമിച്ചാണ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗം കഴിഞ്ഞു. ആദ്യ ഭാഗമാണ് ചിത്രീകരിക്കാനുള്ളത്. ചെറിയ ഇടവേളയിൽ രണ്ട് സിനിമകളും പ്രേക്ഷകരിലേക്ക് എത്തുന്ന തരത്തിലായിരിക്കും റിലീസ്,’അർഫാസ് അയൂബ് പറയുന്നു.

 

Content Highlight: Arfas ayoob Talk About Mohanlal-Jeethu Joseph  Movie Ram