| Sunday, 4th August 2024, 3:41 pm

ആ മോഹൻലാൽ ചിത്രത്തിൽ നിന്നാണ് ലെവൽ ക്രോസിന്റെ ലൊക്കേഷൻ കിട്ടിയത്: അർഫാസ് അയൂബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രമാണ് ലെവൽ ക്രോസ്. ആസിഫ് അലിയും അമല പോളും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ടുണിഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയുള്ള ലെവൽ ക്രോസ് ജീത്തു ജോസഫാണ് അവതരിപ്പിക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാന സഹായികൂടെയാണ് ലെവൽ ക്രോസിന്റെ സംവിധായകൻ അർഫാസ് അയൂബ്.

തന്റെ സിനിമയുടെ ലൊക്കേഷനായി ടുണിഷ്യ തെരഞ്ഞെടുക്കാൻ കാരണമെന്താണെന്ന് പറയുകയാണ് അർഫാസ്. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച റാം എന്ന ചിത്രത്തിൽ താൻ സഹ സംവിധായകൻ ആയിരുന്നുവെന്നും അന്ന് ലൊക്കേഷൻ നോക്കുന്നതിന്റെ ഭാഗമായി നോർത്ത് ആഫ്രിക്കയിൽ വന്നപ്പോഴാണ് ടുണിഷ്യ കാണുന്നതെന്നും അർഫാസ് പറഞ്ഞു.

ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് അന്ന് സംശയം ഉണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് അതെല്ലാം ഓക്കെയായെന്നും അർഫാസ് പറഞ്ഞു. ലെവൽ ക്രോസ് രാജസ്ഥാനിൽ ഷൂട്ട്‌ ചെയ്യാനാണ് ആദ്യം കരുതിയതെന്നും അർഫാസ് കൂട്ടിച്ചേർത്തു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അർഫാസ് അയൂബ്.

‘രാജസ്ഥാനിൽ ചിത്രീകരിക്കാമെന്ന തീരുമാനത്തോടെയാണ് സിനിമയുടെ കഥയുമായി മുന്നോട്ടുപോയത്. ജീത്തു ജോസഫിൻ്റെ റാം എന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ട‌റായി പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. ആ സിനിമയുടെ ലൊക്കേഷനു വേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി നോർത്ത് ആഫ്രിക്കയിൽ പോയിരുന്നു.

അവിടെ വച്ചാണ് ടുണിഷ്യയിലെ അതിമനോഹരമായ ലൊക്കേഷനുകൾ മനസിലുടക്കിയത്. നിർമാതാവ് രമേശ് പി.പിള്ളയോട് ഇതിനെപ്പറ്റി സംസാരിച്ചു. ബജറ്റിൻ്റെ കാര്യത്തിൽ ആദ്യം ആശങ്ക നിലനിന്നിരുന്നെങ്കിലും ലൈൻ പ്രൊഡ്യൂസർ അലക്സാണ്ടർ നാസ് സഹായിയായി എത്തിയതോടെ ആ പ്രതിസന്ധിയും മറികടന്നു. പൂർണമായും ടുണിഷ്യയിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ലെവൽക്രോസ്,’അർഫാസ് അയൂബ് പറയുന്നു.

Content Highlight: Arfas Ayoob Talk About Level Cross Movie Location

We use cookies to give you the best possible experience. Learn more