| Wednesday, 14th July 2021, 5:39 pm

സിക വൈറസ് പടര്‍ന്ന പ്രദേശത്ത് ക്ലസ്റ്റര്‍ രൂപപ്പെട്ടു; ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിക വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉള്‍പ്പെടുന്ന ആനയറ പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരത്ത് കൂടുതല്‍ പ്രദേശത്തേക്ക് സിക രോഗബാധ പടര്‍ന്നതോടെ ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്.

സ്വാശ്രയ കോളേജിലെ ഡോക്ടറും 10 മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടെ 23 പേരിലാണ് നിലവില്‍ സിക രോഗം സ്ഥിരീകരിച്ചത്.

കൊതുക് നിര്‍മാര്‍ജനത്തിന് മുന്‍തൂക്കം നല്‍കികൊണ്ടാണ് സര്‍ക്കാര്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കിയത്. ഈഡീസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് പരിശോധിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പനി, ചുമ, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരോട് എത്രയും വേഗം ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം രോഗത്തെക്കുറിച്ച് അമിതമായ ഭയം വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ക്ക് വിളിക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂമും തയ്യാറാക്കിയിട്ടുണ്ട്. രോഗം പരിശോധിക്കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്‍പ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്.

സിക വൈറസ് ബാധ അപകടകാരിയല്ലെങ്കിലും ഗര്‍ഭസ്ഥ ശിശുക്കളില്‍ ജനിതക വൈകല്യത്തിന് കാരണമായേക്കാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Area where Zika reported formed a zika cluster, says health minister

We use cookies to give you the best possible experience. Learn more