തിരുവനന്തപുരം: സിക വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉള്‍പ്പെടുന്ന ആനയറ പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരത്ത് കൂടുതല്‍ പ്രദേശത്തേക്ക് സിക രോഗബാധ പടര്‍ന്നതോടെ ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്.
സ്വാശ്രയ കോളേജിലെ ഡോക്ടറും 10 മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടെ 23 പേരിലാണ് നിലവില്‍ സിക രോഗം സ്ഥിരീകരിച്ചത്.
കൊതുക് നിര്‍മാര്‍ജനത്തിന് മുന്‍തൂക്കം നല്‍കികൊണ്ടാണ് സര്‍ക്കാര്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കിയത്. ഈഡീസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് പരിശോധിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പനി, ചുമ, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരോട് എത്രയും വേഗം ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.