Kerala News
സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്കെന്ന് ഏരിയ കമ്മിറ്റി അംഗം; തിരുത്തി സി.പി.ഐ.എം നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Monday, 17th March 2025, 6:17 pm

ഇടുക്കി: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവം ഉള്ളത് മുസ്‌ലിം വിഭാഗത്തിലാണെന്ന സി.പി.ഐ.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗത്തിന്റെ വിദ്വേഷ പരാമര്‍ശം വിവാദത്തില്‍. ഏരിയ കമ്മിറ്റി അംഗമായ എം.ജെ ഫ്രാന്‍സിസ് ആണ് ഫേസ്ബുക്ക് കമന്റില്‍ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

മുസ്‌ലിങ്ങള്‍ എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പോയി അഞ്ച് നേരം നിസ്‌കരിച്ചാലും അതുപോലെ എല്ലാവര്‍ഷവും നോമ്പ് നോറ്റാലും ചെയ്ത തെറ്റുകള്‍ക്കെല്ലാം പരിഹാരമുണ്ടാവും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നതെന്നുമായിരുന്നു ഫ്രാന്‍സിസിന്റെ കമന്റ്.

‘മുസ്‌ലിങ്ങള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പോയി അഞ്ച് നേരം പ്രാര്‍ത്ഥിച്ചാല്‍ മതി, അതുപോലെ എല്ലാവര്‍ഷവും നോമ്പ് നോറ്റ് പകല്‍ മുഴുവന്‍ ഉമിനീര് രാത്രി മുഴുവന്‍ നല്ല ഭക്ഷണവും കഴിച്ച് ഉറങ്ങിയാല്‍ ഒരു വര്‍ഷക്കാലം പ്ലാന്‍ ചെയ്ത പോരായ്മകളും പരിഹാരം ഉണ്ടാവും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്’, കമന്റിന്റെ പൂര്‍ണ രൂപം.

അതേസമയം ഫ്രാന്‍സിസിന്റെ കമന്റ് വിവാദമായതോട ഫ്രാന്‍സിസിനെ തള്ളി സി.പി.ഐ.എം നേതൃത്വം രംഗത്തെത്തിയിരുന്നു. ഫ്രാന്‍സിസിന്റെ നിലപാട് സി.പി.ഐ.എം നിലപാട് അല്ലെന്നും ആര്‍.എസ്.എസിന്റെയും കാസയുടെയും ആശയങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ വഴങ്ങരുതെന്നും മൂവാറ്റുപുഴ സി.പി.ഐ.എം പ്രസ്താവനയിറക്കിയിട്ടുണ്ട്.

തൊട്ടുപിന്നാലെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം.ജെ. ഫ്രാന്‍സിസും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.

മുസ്‌ലിം മതവിഭാഗത്തെ ആകെ ക്രിമിനല്‍ സ്വഭാവക്കാരായി ചിത്രീകരിക്കുന്ന തന്റെ കമന്റ് തീര്‍ത്തും തെറ്റായിപ്പോയെന്ന് പറഞ്ഞ അദ്ദേഹം ഈ കമന്റ് മൂലം മാനസികമായി വിഷമം ഉണ്ടായ മുഴുവന്‍ പേരോടും താന്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

‘ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ഉയര്‍ത്തിപ്പിടിച്ച പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടിന് എതിരായ രീതിയില്‍ എന്നില്‍ നിന്നും ഉയര്‍ന്നുവന്ന ഈ കമന്റ് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതുമൂലമാണ്. ഞാന്‍ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന ആളല്ല. ഒരു മതത്തോടും എനിക്ക് പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ല.

കുറ്റവാളികള്‍ ഏതെങ്കിലും മതത്തിന്റെ സൃഷ്ടിയാണെന്ന വിചാരവും എനിക്കില്ല. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നത്. എന്റെ പാര്‍ട്ടി നിലപാടിന് വിപരീതമായ നിലയില്‍ കമന്റ് വന്നതില്‍ ഞാന്‍ ദുഃഖിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു,’ എം.ജെ. ഫ്രാന്‍സിസ് ഫേസ്ബുക്കില്‍ എഴുതി.

Content Highlight: Area committee member says Muslims have the most criminal nature in society; CPI(M) leadership corrects