| Wednesday, 11th April 2018, 12:56 am

'മാതാപിതാക്കള്‍ വൃത്തിഹീനമായ ജോലി ചെയ്യുന്നവരാണോ ?'; സ്‌കൂളില്‍ അഡ്മിഷനെടുക്കാനെത്തുന്ന കുട്ടികളോട് ഹരിയാന വിദ്യാഭ്യാസ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: സ്‌കൂളില്‍ അഡ്മിഷനെടുക്കാനെത്തുന്ന കുട്ടികളുടെ മതം, ജാതി, ബാങ്ക് അക്കൌണ്ട് നമ്പര്‍, ആധാര്‍ വിശദാംശങ്ങള്‍ തുടങ്ങളിയ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെടുന്നതോടൊപ്പം “മാതാപിതാക്കള്‍ വൃത്തിഹീനമായ ജോലി ചെയ്യുന്നവരാണോ” എന്നും ചോദിച്ചുകൊണ്ട് ഹരിയാന വിവാദത്തില്‍. ബി.ജെ.പിയുടെ അധികാരപരിധിയില്‍ വരുന്ന ഹരിയാന വിദ്യാഭ്യാസ വകുപ്പാണ് പ്രൈവറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളോട് മാതാപിതാക്കള്‍ വൃത്തിഹീനമായ ജോലി ചെയ്യുന്നവരാണോ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുരുഗ്രാം, പാഞ്ച്കുള ഉള്‍പ്പടെ ഹരിയാനയിലുടനീളമുള്ള വിദ്യാലയങ്ങളില്‍ രണ്ടു പേജുകളിലായുള്ള ഈ വിവര ശേഖരണ ഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അന്വേഷണങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍, ഹരിയാന സര്‍ക്കാരിന്റെ ഔദ്യോഗിക ലോഗോ അടങ്ങുന്ന ഈ ഫോമിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. ഫോം നല്‍കിയതാരെന്ന് വ്യക്തമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

അതേസമയം, ഈ വിവരശേഖരണം വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരമാണെന്നും തങ്ങള്‍ക്ക് ഇതുമായി ബന്ധമൊന്നുമില്ലെന്നും സ്‌കൂള്‍ അതികൃതര്‍ രക്ഷിതാക്കളെ നേരത്തെ തന്നെ അറിയിച്ചിരുന്നു. “ഹരിയാന സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പൂരിപ്പിച്ച് നല്‍കേണ്ടതായ ഫോര്‍മാറ്റ് ഞങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരം അറിയിക്കുന്നു. ഈ വിവരശേഖരണം സ്‌കൂളിന് വേണ്ടിയല്ല, ഹരിയാന സര്‍ക്കാറിന് വേണ്ടിയാണ്. നിര്‍ബന്ധമായും പൂരിപ്പിച്ചിരിക്കേണ്ടവക്ക് നേരെ * (നക്ഷത്ര ചിഹ്നം) അടയാളപ്പെടുത്തിയിരിക്കുന്നു”, സ്‌കൂള്‍ അതികൃതര്‍ രക്ഷിതാക്കള്‍ക്കു നല്‍കിയ അറിയിപ്പില്‍ നിന്ന്.

സംഭവത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.


Watch DoolNews Video:

We use cookies to give you the best possible experience. Learn more