ബെംഗളൂരു: മംഗലാപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്താനിരിക്കെ ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംസ്ഥാനത്തെ ദുരിതം കാണാനാണോ അതോ വികസനത്തെ വിലയിരുത്താനാണോ വരുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.
ട്വിറ്ററിലൂടെ നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യ മോദിക്ക് നേരെ ഉയര്‍ത്തിയത്.
മോദിക്ക് മംഗലാപുരത്തേക്ക് സ്വാഗതം എന്ന വാചകത്തോടെയായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്. #AnswerMadiModi എന്ന ഹാഷ്ടാഗോടെയായിരുന്നു അദ്ദേഹം മോദിക്ക് നേരെ ചോദ്യശരങ്ങള്‍ ഉയര്‍ത്തിയത്.
‘മിസറ്റര്‍ മോദി, മംഗലാപുരത്തേക്ക് സ്വാഗതം.
ഇത് വികസനം കാണാനുള്ള നിങ്ങളുടെ ടൂര്‍ ആണോ? അതോ ദുരന്തം കാണാനുള്ള വരവാണോ?
ഇതിന്റെ ഉത്തരം നിങ്ങള്‍ നാളത്തെ പ്രസംഗത്തില്‍ പറയുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ മഴക്കെടുതി ശക്തമായിരുന്നു. ഇതിനുവേണ്ടി ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേരത്തെ മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഐ.ടി, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ പ്രശസ്തമായിരുന്ന നഗരം ഇപ്പോള്‍ കുഴികളുടെ നഗരമായി മാറിയെന്നായിരുന്നു മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ ഭൈര ഗൗഡ പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ പണത്തിന്റെ 80 ശതമാനവും റോഡിന് വേണ്ടിയാണ് ചിലവാക്കുന്നത് എന്നാണ് പറയുന്നത്.
പക്ഷേ അവര്‍ പഴയ റോഡിന് വേണ്ടി പുതിയ ബില്ല് കാണിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഗൗഡ പറഞ്ഞു.
സംസ്ഥാനത്ത് അധികാരികള്‍ അഴിമതിയാണ് നടത്തുന്നതെന്നും ഇതിന് മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള തലമൂത്ത നേതാക്കളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ഗൗഡ ആരോപിച്ചു. സി.ബി.ഐയുടെയോ, ഇ.ഡിയുടെയോ അന്വേഷണം വരില്ലെന്ന ഉറപ്പിന്മേലാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: are you visiting here to examine the disaster of the development , congress asks modi amid modi’s visit to mangalore