| Monday, 12th December 2022, 4:50 pm

മാപ്പ് പറയാൻ നിനക്കെന്താ ഭ്രാന്തുണ്ടോ? സഹതാരത്തിനോട് നെയ്മർ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോളിൽ ടൂർണമെന്റ് ഫേവറൈറ്റുകളായ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ബ്രസീൽ ക്രൊയേഷ്യൻ ടീമിനെതിരെ തോറ്റു പുറത്തായത്.

മത്സരം അവസാനിച്ചതിന് ശേഷം വിങ്ങിപ്പൊട്ടിക്കൊണ്ട് മൈതാനം വിട്ട ബ്രസീൽ താരങ്ങളുടെ ചിത്രം ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ല. മത്സരത്തിന്റെ അവസാനം വികാരത്തള്ളിച്ചയോടെയാണ് ബ്രസീൽ താരങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചത്.

അതിൽ തന്നെ നെയ്മർ ഇനിയൊരു ദേശീയ മത്സരം കളിക്കുമെന്ന് തനിക്ക് ഉറപ്പ് പറയാൻ പറ്റില്ലെന്ന് പറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു.
എന്നാലിപ്പോൾ തന്റെ ടീം അംഗങ്ങൾക്ക് തോൽ‌വിയിൽ ആശ്വാസമേകി താൻ അയച്ച മെസ്സേജുകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നെയ്മർ ജൂനിയർ.

തിയാഗോ സിൽവ, മാർക്കീന്യോസ്, റോഡ്രിഗോ എന്നീ ബ്രസീൽ താരങ്ങൾക്കാണ് നെയ്മർക്ക് ആശ്വാസ സന്ദേശങ്ങൾ അയച്ചത്.

“നമ്മൾ ഇനിയും മുമ്പോട്ട് പോകും ബ്രോ, എനിക്ക് നിനക്കുവേണ്ടി ഈ ലോകകപ്പ് നേടിത്തരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നീയും,ഞാനും ഡാനിയും(ഡാനി ആൽവസ്) ഈ കപ്പ്‌ വളരെ അർഹിച്ചിരുന്നു. പക്ഷെ ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിപ്പോയി. അദ്ദേഹം എല്ലാം അറിയുന്നവനാണല്ലോ,’ എന്നായിരുന്നു നെയ്മർ സിൽവക്ക് അയച്ച സന്ദേശം.

“ഞാൻ നിന്റെ വലിയൊരു ആരാധകനാണ്. ഒരു പെനാൽട്ടി നഷ്ടപ്പെടുത്തിയത് കൊണ്ട് എനിക്ക് നിന്നിലുള്ള മതിപ്പിന് ഒരു മാറ്റവും ഉണ്ടാക്കാൻ സാധിക്കില്ല. ഞാൻ നിന്റെ കൂടെ എപ്പോഴും ഉണ്ടാകും. ഈ സമയവും കടന്നുപോകും. നല്ലതും ചീത്തയുമായ എല്ലാ നിമിഷങ്ങളും പെട്ടെന്ന് കടന്നുപോകുമെന്ന് മറ്റാരെക്കാളും എനിക്കറിയാം.

കുടുംബത്തിന്റെ കൂടെ എപ്പോഴും സന്തോഷമായിട്ടിരിക്കണം. ഞാൻ നിന്റെ കൂടെ എപ്പോഴും ഒരു സുഹൃത്തായി ഉണ്ടാകുമെന്ന കാര്യം ഒരിക്കലും നീ മറക്കരുത്. ഞാൻ നിന്നെ വളരെ അധികം സ്നേഹിക്കുന്നുണ്ട്. നമുക്ക് ഒരുമിച്ച് തളരാതെ മുന്നോട്ട് പോകണം,’
മാർക്കിന്യോസിന് നെയ്മർ എഴുതി.

പെനാൽട്ടി നഷ്ടപ്പെടുത്തിയ റോഡ്രിഗോയ്ക്കും നെയ്മർ ആശ്വാസ സന്ദേശമയച്ചു. “സഹോദരാ നീ മികച്ച താരമാണെന്ന് എനിക്ക് നിന്നോട് പറയാൻ കഴിയും. നിന്റെ കൂടെ കളിക്കാൻ കഴിയുന്നത് എന്റെ ഭാഗ്യമായി ഞാൻ കാണുന്നു.

പക്ഷെ നീ പറയുന്നു ഞാൻ നിന്റെ റോൾ മോഡൽ ആണെന്നും, ബ്രസീലിലെ തന്നെ മികച്ച താരമാണെന്നും. പെനാൽട്ടി എടുക്കാൻ അവസരം ലഭിച്ചവർക്ക് മാത്രമേ അത്‌ നഷ്ടപ്പെടുത്താനും കഴിയൂ. ഞാനും എന്റെ ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തുകയും അതിൽ നിന്നും കൂടുതൽ പഠിക്കുകയും ചെയ്തിട്ടുണ്ട്.

വീണപ്പോഴെല്ലാം ഞാൻ ഉയി ർത്തെണീക്കാൻ ശ്രമിച്ചിട്ടുണ്ട്,’ റോഡ്രിഗോക്ക് അയച്ച സന്ദേശത്തിൽ നെയ്മർ പറഞ്ഞു.

അതേസമയം പെനാൽട്ടി നഷ്ടപ്പെടുത്തിയ ശേഷം റോഡ്രിഗോ നെയ്മർക്ക് മാപ്പ് ചോദിച്ച് സന്ദേശം അയച്ചിരുന്നു.

” താങ്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കാൻ പറ്റാതിരുന്നതിനടക്കം എല്ലാത്തിനും മാപ്പ്. താങ്കൾ ഞങ്ങളുടെ കൂടെ തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച് മുന്നേറാം,’

എന്നായിരുന്നു റോഡ്രിഗോയുടെ സന്ദേശം.

എന്നാൽ റോഡ്രിഗോയുടെ മാപ്പപേക്ഷിക്കലിന് മറുപടിയായി “മാപ്പൊന്നും എന്നോട് നീ പറയരുത്. നിനക്ക് ഭ്രാന്താണോ? പെനാൽട്ടി എടുക്കാൻ കഴിവുള്ളവർക്കെ അത്‌ മിസ്സാക്കാനും കഴിയൂ. നീ എപ്പോഴും അടിപൊളിയാണ്. നിന്നെ പെനാൽട്ടി എടുക്കാൻ ഞാനും പഠിപ്പിക്കാം. നമ്മൾ ഒന്നിച്ചു നിൽക്കണം. നന്നായിട്ടിരിക്കൂ,’ എന്നായിരുന്നു റോഡ്രിഗോക്കുള്ള നെയ്മറുടെ മറുപടി സന്ദേശം.

Content Highlights:  are you s to apologize? Neymar to his teammate

We use cookies to give you the best possible experience. Learn more