| Tuesday, 25th October 2022, 9:41 am

പരിക്കിനെ പേടിയാണോ, എങ്കില്‍ ആ സോഫയിലിരുന്ന് ഒരു സിനിമ കാണ്, ഇത് ഫുട്‌ബോളാണ്; റയല്‍ മാഡ്രിഡ് സൂപ്പര്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണില്‍ മികച്ച പ്രകടനമാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് പുറത്തെടുക്കുന്നത്. ഒരു തോല്‍വി പോലും വഴങ്ങാതെയാണ് സീസണില്‍ റയലിന്റെ മുന്നേറ്റം.

ലാ ലിഗയില്‍ 11 മത്സരങ്ങളില്‍ പത്തിലും ജയം നേടാന്‍ റയല്‍ മാഡ്രിഡിന് സാധിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും റയലാണ് മുന്നേറിയത്.

ഖത്തര്‍ ലോകകപ്പ് നടക്കാനിരിക്കെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി.

ഇത് ഫുട്‌ബോളാണെന്നും വീഴുകയും പരിക്കേല്‍ക്കുകയുമൊക്കെ ചെയ്യുമെന്നും പരിക്കിനെ പേടിയാണെങ്കില്‍ കളി മതിയാക്കി സോഫയിലരുന്ന് സിനിമ കാണാനാണ് അദ്ദേഹം പറഞ്ഞത്.

ലോകകപ്പ് അടുക്കുമ്പോൾ താരങ്ങൾക്കേൽക്കുന്ന പരിക്ക് ടൂർണമെന്റിനെ ബാധിക്കില്ലെ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആഞ്ചലോട്ടി.

ആര്‍.ബി ലീപ്‌സിഗുമായി നടന്ന് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഈ ക്ലബ്ബിന് എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്. ഇപ്പോള്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ സീസണ്‍ വളരെ തിരക്കേറിയതാണ്.

വളരെ നന്നായി തന്നെ മാനേജ് ചെയ്ത് പോകാന്‍ കഴിയുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പിന്നെ പരിക്കുകളൊക്കെ സംഭവിക്കും, ഫുട്‌ബോളല്ലേ. ഇനി പരിക്കിനെ പേടി ആണെന്നാണെങ്കില്‍ കളിമതിയാക്കുന്നതാണ് നല്ലത്.

എന്നിട്ട് സോഫയിലിരുന്ന് വല്ല സിനിമയും കാണണം,” ആഞ്ചലോട്ടി വ്യക്തമാക്കി.

ഈ സീസണിലെ റയല്‍ മാഡ്രിഡിന്റെ പെര്‍ഫോമന്‍സിനെ പ്രശംസിച്ച് പലരും രംഗത്ത് വന്നിരുന്നു. റയലിന്റേത് മികച്ച് സ്‌ക്വാഡ് ആണെന്നാണ് കാര്‍ലോ ആഞ്ചലോട്ടി പറഞ്ഞത്.

താന്‍ പരിശീലിപ്പിച്ച എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നാണ് റയല്‍ മാഡ്രിഡ് എന്നും അദ്ദേഹം പറഞ്ഞു.

പരിശീലനം നല്‍കാന്‍ ഏറെ സന്തോഷം നല്‍കുന്ന ടീമാണ് റയലെന്നും തന്റെ ഏതൊരു തീരുമാനത്തെയും റയല്‍ ബഹുമാനത്തോടെ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”വളരെ മികച്ചതും പരിശീലിപ്പിക്കാന്‍ ഏറെ ഇഷടം തോന്നുകയും ചെയ്യുന്ന ടീമാണ് റയല്‍. ഒരു കോച്ചെന്ന നിലയില്‍ എന്റെ എല്ലാ തീരുമാനത്തെയും അവര്‍ ബഹുമാനത്തോടെ സ്വീകരിക്കും. അതുകൗണ്ട് തന്നെ ടീമില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകാറില്ല.

ഞാന്‍ പരിശീലിപ്പിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട സ്‌ക്വാഡാണ് റയല്‍ മാഡ്രിഡ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Are you afraid of injury, then sit on that sofa and watch a movie, it’s football: Real Madrid Super Coach

We use cookies to give you the best possible experience. Learn more