| Tuesday, 23rd May 2023, 1:52 pm

മുസ്‌ലിം ആണോ? എങ്കില്‍ വാടക വീടില്ല; ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നു വന്നിരിക്കുന്നു: ഷാജികുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കളമശ്ശേരി: കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ മുസ്‌ലിങ്ങള്‍ക്ക് വീട് വാടകയ്ക്ക് ലഭിക്കുന്നില്ല പരാതി. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.വി. ഷാജികുമാറാണ് കഴിഞ്ഞ ദിവസം താന്‍ നേരിട്ട അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്.

കളമശ്ശേരിയില്‍ ഒരു ഹൗസിങ് കോളനിയില്‍ വീട് അന്വേഷിച്ച് പോയപ്പോള്‍ മുസ്‌ലിം ആണോ എന്നും മുസ്‌ലിങ്ങള്‍ക്ക് വീട് നല്‍കരുതെന്നാണ് ഉടമയുടെ നിര്‍ദേശമെന്നും ബ്രോക്കര്‍ പറഞ്ഞതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തേയും സമാന രീതിയിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒറ്റപ്പെട്ട സംഭവമായിരിക്കുമെന്നും ഷാജി പറഞ്ഞു.

‘ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയില്‍ പോയി. ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനില വീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്.

മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ പേര് ചോദിച്ചു, പേര് ഷാജി എന്ന് പറഞ്ഞു. തുടര്‍ന്ന് മുസ്‌ലിം ആണോ എന്ന് ചോദിക്കുകയും മുസ്‌ലിങ്ങള്‍ക്ക് വീട് കൊടുക്കരുതെന്ന് വീട്ടുടമ പറഞ്ഞതായും ബ്രോക്കര്‍ പറഞ്ഞു. ഉടമ ഇന്‍ഫോപാര്‍ക്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറാണ്.

ഷാജിയെന്നത് സര്‍വ്വമതസമ്മതമുള്ള പേരായത് കൊണ്ട് മുമ്പും രണ്ട് വട്ടം വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസില്‍ നിന്ന് കളഞ്ഞതായിരുന്നു.

എനിക്ക് വീട് വേണ്ട ചേട്ടാന്നും പറഞ്ഞ് ഞാന്‍ ഇറങ്ങുന്നു. ചുമരിലെ പാവം യേശു എന്നോട് പറയുന്നു. ‘ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു’,’ അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ ചുരുക്ക രൂപമാണിത്.

നിവധി പേരാണ് ഇതിനോടകം പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം കേരളത്തിനകത്തും പുറത്തും ഇത്തരത്തില്‍ മുസ്‌ലിം പേരായതിനാല്‍ വീട് കിട്ടാത്ത അവസ്ഥയുണ്ടായെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴില്‍ വരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയില്‍ പോയി. ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനില വീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്. മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ ചോദിക്കുന്നു.

”പേരേന്താ..?”
”ഷാജി”
അയാളുടെ മുഖം ചുളിയുന്നു.
”മുസ്‌ലിമാണോ..?”
ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കുന്നു.
”ഒന്നും വിചാരിക്കരുത് , മുസ്‌ലിങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നത്..”
”ഓ… ഓണര്‍ എന്ത് ചെയ്യുന്നു..”
”ഇന്‍ഫോപാര്‍ക്കില്‍.. കമ്പ്യൂട്ടര്‍ എഞ്ചിനിയറാ..”
”ബെസ്റ്റ്..”
ഞാന്‍ സ്വയം പറഞ്ഞു. ഇപ്പോഴും അയാള്‍ എന്റെ മതമറിയാന്‍ കാത്തുനില്‍ക്കുകയാണ്. ഷാജിയെന്നത് സര്‍വ്വമത സമ്മതമുള്ള പേരാണല്ലോ. മുമ്പും രണ്ട് വട്ടം വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസില്‍ നിന്ന് കളഞ്ഞതാണ്.

”എനിക്ക് വീട് വേണ്ട ചേട്ടാ…”
ഞാന്‍ ഇറങ്ങുന്നു.

ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
‘ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു…’

CONTENT HIGHLIGHT: Are you a Muslim? Then there is no rental house; North India marched towards Kerala: Shajikumar

We use cookies to give you the best possible experience. Learn more