| Monday, 7th October 2019, 12:15 pm

'വോട്ടര്‍മാര്‍ ബുദ്ധിയില്ലാത്തവരാണോ? വോട്ടുകച്ചവടം വോട്ടര്‍മാരെ അപമാനിക്കലാണ്' വട്ടിയൂര്‍ക്കാവില്‍ ബിജെപി- സി.പി.ഐ.എം വോട്ടു കച്ചവടമെന്ന യു.ഡി.എഫ് ആരോപണത്തെ തള്ളി ശശിതരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍ സി.പി.ഐ.എം-ബി.ജെ.പി വോട്ടുകച്ചവടം നടത്തുന്നു എന്ന ആരോപണം തള്ളി ശശിതരൂര്‍. വോട്ടുകച്ചവട ആരോപണങ്ങള്‍ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും വോട്ടര്‍മാര്‍ക്കറിയാം ആര്‍ക്ക് വോട്ടു ചെയ്യണമെന്നും ശശിതരൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന നേതാക്കളാരും വട്ടിയൂര്‍ക്കാവില്‍ പ്രചരണത്തിനെത്തുന്നില്ല എന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിന്റെ പരാതി പരിഹരിച്ച് തിരുവനന്തപുരത്ത് പ്രചരണത്തിനെത്തിയതായിരുന്നു ശശിതരൂര്‍ എം.പി. മാതൃഭൂമി ന്യൂസിനോടായിരുന്നു തരൂരിന്റെ പ്രതികരണം.

കേരളത്തിലെ വോട്ടര്‍മാര്‍ അറിവുള്ളവരാണെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്ന് വോട്ടര്‍മാര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും തരൂര്‍ പ്രതികരിച്ചു.

‘സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നത് കുടുംബപരമായും മറ്റും സ്ഥിരമായി കമ്മ്യൂണിസ്റ്റ പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നവരാണ്. അവര്‍ നാളെ ബി.ജെ.പിക്ക് വോട്ടുകൊടുക്കും എന്നു പറഞ്ഞാല്‍ കേള്‍ക്കുമോ?’ തരൂര്‍ ചോദിച്ചു.

വളരെ ചെറിയൊരു ശതമാനം മാത്രമേ അത്തരത്തില്‍ വോട്ടു മാറ്റിചെയ്യുന്നവരുണ്ടാവൂ. ജനങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. തനിക്ക് ചില കമ്മ്യൂണിസ്റ്റ് വോട്ടു കിട്ടിയിട്ടുണ്ടെങ്കില്‍ അതവിടെ ബി.ജെ.പിയെ തടുക്കാന്‍ വേണ്ടി വോട്ടു ചെയ്തവരായിരിക്കും. പക്ഷെ ഒരിക്കലും പാര്‍ട്ടി പറഞ്ഞിട്ടോ നേതാവ് പറഞ്ഞിട്ടോ അല്ല അത് സംഭവിച്ചിരിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്കാരും വോട്ടുമറിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജയിക്കുന്നതിന് താല്‍പര്യമുണ്ടാവില്ല. സി.പി.ഐ.എം ഭരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പി ജയിക്കുന്നത് സ്വാഭാവികമായും അവരുടെ മുഖത്തേല്‍ക്കുന്ന അടിയാണ്. മാത്രമല്ല പാര്‍ട്ടിക്കകത്ത് ചിലപ്പോള്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരിക്കാം. അതുകൊണ്ടായിരിക്കാം ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടാവുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more