| Wednesday, 7th August 2019, 11:19 am

അവര്‍ സുരക്ഷിതരാണോ? എന്ത് മാനസിക പീഡനമാണിത്?; ബന്ധുക്കള്‍ക്ക് എന്തു സംഭവിച്ചുവെന്നുപോലും അറിയില്ലെന്ന് സംസ്ഥാനത്തിന് പുറത്തുള്ള കശ്മീരികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആശയ വിനിമയ ഉപാധികള്‍ വിച്ഛേദിക്കുകയും നിരോധനാജ്ഞ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കശ്മീരിലെ ബന്ധുക്കളെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കശ്മീരികള്‍. തങ്ങള്‍ക്ക് സുഹൃത്തുക്കളോട് സംസാരിക്കാനോ പ്രതിഷേധിക്കാനോ കഴിയുന്നില്ലെന്നും അങ്ങേയറ്റം അസഹനീയമാണ് ഈ സാഹചര്യമെന്നും കശ്മീരികള്‍ പറയുന്നു.

‘മാനസിക പീഡനം’ എന്നാണ് ഒരു കശ്മീരി ഇതിനെ വിശേഷിപ്പിച്ചത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനെതിരെ ലോകത്തുള്ള എല്ലാവരും അഭിപ്രായം പറയുമ്പോള്‍ തങ്ങളുടെ അഭിപ്രായം പോലും തുറന്നുപറയാന്‍ വഴിയില്ലാത്ത അവസ്ഥയിലാണ് കശ്മീരികളെന്നാണ് ഇവര്‍ പറയുന്നത്.

‘ഞാന്‍ വല്ലാത്ത ഭീതിയിലാണ്. എന്റെ കുടുംബത്തെക്കുറിച്ചോര്‍ത്ത് നല്ല പേടിയുണ്ട്. കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് ഒരു വിവരവും ലഭിക്കാതെ വരുമ്പോള്‍ ഭീതിയുണ്ടാവുന്നത് സ്വാഭാവികമാണ്.’ ഒരു മാസം മുമ്പ് ജോലി തേടി കശ്മീര്‍ വിട്ട മാമൂന്‍ റോഷാന്‍ഗര്‍ പറഞ്ഞതായി ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

26 വര്‍ഷമായി കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ച മാമൂന്‍ ആദ്യമായാണ് ഒരു കര്‍ഫ്യൂ സമയത്ത് വീടുവിട്ട് നില്‍കുന്നത്. ‘ഇതിനേക്കാള്‍ നല്ലത് ഞാന്‍ കശ്മീരില്‍ തന്നെ നില്‍ക്കുന്നതായിരുന്നു. അങ്ങനെയെങ്കില്‍ മാതാപിതാക്കള്‍ സുരക്ഷിതരാണോയെന്നെങ്കിലും അറിയാമായിരുന്നു’ അദ്ദേഹം പറയുന്നു.

കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും എന്തെങ്കിലും അറിയാമോയെന്ന് ചോദിച്ച് പല കശ്മീരികളും സോഷ്യല്‍ മീഡിയകളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റുകള്‍ ഇടുന്നുണ്ട്.

ഇപ്പോഴത്തെ നിരോധനങ്ങള്‍ എത്രദിവസം തുടരുമെന്ന കാര്യത്തിലും സര്‍ക്കാര്‍ ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ജമ്മുകശ്മീര്‍ പൊലീസും മൗനം തുടരുകയാണ്.

ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഫാഖിറ അലി പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അമ്മയോട് അവസാനമായി സംസാരിച്ചതെന്നും അവര്‍ പറയുന്നു. ‘ നീ ഇങ്ങോട്ട് തിരിച്ചു വരൂ എന്നാണ് അമ്മ പറഞ്ഞത്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.’

We use cookies to give you the best possible experience. Learn more