ന്യൂദല്‍ഹി: ആശയ വിനിമയ ഉപാധികള്‍ വിച്ഛേദിക്കുകയും നിരോധനാജ്ഞ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കശ്മീരിലെ ബന്ധുക്കളെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കശ്മീരികള്‍. തങ്ങള്‍ക്ക് സുഹൃത്തുക്കളോട് സംസാരിക്കാനോ പ്രതിഷേധിക്കാനോ കഴിയുന്നില്ലെന്നും അങ്ങേയറ്റം അസഹനീയമാണ് ഈ സാഹചര്യമെന്നും കശ്മീരികള്‍ പറയുന്നു.
‘മാനസിക പീഡനം’ എന്നാണ് ഒരു കശ്മീരി ഇതിനെ വിശേഷിപ്പിച്ചത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനെതിരെ ലോകത്തുള്ള എല്ലാവരും അഭിപ്രായം പറയുമ്പോള്‍ തങ്ങളുടെ അഭിപ്രായം പോലും തുറന്നുപറയാന്‍ വഴിയില്ലാത്ത അവസ്ഥയിലാണ് കശ്മീരികളെന്നാണ് ഇവര്‍ പറയുന്നത്.
‘ഞാന്‍ വല്ലാത്ത ഭീതിയിലാണ്. എന്റെ കുടുംബത്തെക്കുറിച്ചോര്‍ത്ത് നല്ല പേടിയുണ്ട്. കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് ഒരു വിവരവും ലഭിക്കാതെ വരുമ്പോള്‍ ഭീതിയുണ്ടാവുന്നത് സ്വാഭാവികമാണ്.’ ഒരു മാസം മുമ്പ് ജോലി തേടി കശ്മീര്‍ വിട്ട മാമൂന്‍ റോഷാന്‍ഗര്‍ പറഞ്ഞതായി ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
26 വര്‍ഷമായി കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ച മാമൂന്‍ ആദ്യമായാണ് ഒരു കര്‍ഫ്യൂ സമയത്ത് വീടുവിട്ട് നില്‍കുന്നത്. ‘ഇതിനേക്കാള്‍ നല്ലത് ഞാന്‍ കശ്മീരില്‍ തന്നെ നില്‍ക്കുന്നതായിരുന്നു. അങ്ങനെയെങ്കില്‍ മാതാപിതാക്കള്‍ സുരക്ഷിതരാണോയെന്നെങ്കിലും അറിയാമായിരുന്നു’ അദ്ദേഹം പറയുന്നു.