ശ്രീനഗര്‍: അഫ്ഗാനിസ്ഥാന്റെ പുതിയ ഭരണാധികാരികളായ താലിബാനുമായി ഇന്ത്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെതിരെ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
താലിബാന്‍ തീവ്രവാദ സംഘടനയാണോ അല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. തീവ്രവാദ സംഘടനയാണെങ്കില്‍ സര്‍ക്കാര്‍ എന്തിന് താലിബാനുമായി ചര്‍ച്ച നടത്തുന്നുവെന്ന് ഒമര്‍ അബ്ദുള്ള ചോദിച്ചു.
തീവ്രവാദ സംഘടന അല്ലെന്നാണ് നിലപാട് എങ്കില്‍ ഐക്യരാഷ്ട്രസംഘടനയോട് തീവ്രവാദികളുടെ പട്ടികയില്‍ നിന്ന് താലിബാനെ ഒഴിവാക്കാന്‍ ആവശ്യപ്പെടുമോയെന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു.
” ഒന്നുകില്‍ താലിബാന്‍ ഒരു ഭീകര സംഘടനയാണ് അല്ലെങ്കില്‍ ഭീകര സംഘടന അല്ല. നിങ്ങള്‍ അവരെ എങ്ങനെ കാണുന്നുവെന്ന് ദയവായി ഞങ്ങളോട് വ്യക്തമാക്കൂ,” ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.
നയതന്ത്ര ബന്ധം സംബന്ധിച്ച് ഇന്ത്യ താലിബാനുമായി ആദ്യ ഔദ്യോഗിക ചര്‍ച്ച നടത്തി യിരുന്നു. ദോഹയില്‍ വെച്ചാണ് ഇന്ത്യന്‍സ്ഥാനപതി താലിബാന്‍ നേതാവുമായി ചര്‍ച്ച നടത്തിയത്. അഫ്ഗാനിസ്ഥാനിലെ പുതിയ അധികാരികളുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച.
ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍ താലിബാന്റെ ഖത്തറിലെ രാഷ്ട്രീയ കാര്യാലയ തലവന്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.