പെണ്‍മക്കള്‍ക്ക് നല്‍കാതെ ആണ്‍മക്കള്‍ സ്വത്ത് കയ്യടക്കുകയാണോ; വടകരയില്‍ ശരീഅത്ത് പ്രകാരം വീതം വെപ്പ്; നോട്ടീസയച്ച് സുപ്രീം കോടതി
national news
പെണ്‍മക്കള്‍ക്ക് നല്‍കാതെ ആണ്‍മക്കള്‍ സ്വത്ത് കയ്യടക്കുകയാണോ; വടകരയില്‍ ശരീഅത്ത് പ്രകാരം വീതം വെപ്പ്; നോട്ടീസയച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2023, 3:46 pm

ന്യൂദല്‍ഹി: ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന സ്വത്ത് വീതം വെപ്പിനെതിരായ ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ്. കോഴിക്കോട് വടകരയില്‍ കുടുംബ സ്വത്ത് ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ വീതം വെച്ചതിനെതിരെ സഹോദരി നല്‍കിയ ഹരജിയിലാണ് എതിര്‍കക്ഷികളായ സഹോദരന്മാര്‍ക്ക് കോടതി നോട്ടീസ് അയച്ചത്.

ജസ്റ്റിസ് കൃഷ്ണ മുരാരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

ഹരജിക്കാരിയായ ബുഷറ അലിയുടെ പിതാവിന് ഏഴ് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമാണുള്ളത്. എന്നാല്‍ കുടുംബ സ്വത്ത് വീതം വെപ്പില്‍ മക്കള്‍ക്ക് തുല്യാവകാശം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ബുഷറ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

1937ലെ ശരീഅത്ത് നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമുള്ള സ്വത്ത് വീതം വെക്കലില്‍ ലിംഗ സമത്വം ഇല്ലെന്ന് പറഞ്ഞാണ് ബുഷറ അലി കോടതിയെ സമീപിക്കുന്നത്.

ആണ്‍മക്കള്‍ക്ക് ലഭിക്കുന്ന അവകാശം കുടുംബത്തിലെ പെണ്‍മക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബുഷറ അലിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ബിജോ മാത്യു ജോയ്, മനു കൃഷ്ണന്‍ എന്നിവര്‍ വാദിച്ചു. ശരീഅത്ത് നിയമ പ്രകാരം മുസ്‌ലിം കുടുംബങ്ങളില്‍ നടപ്പാക്കുന്ന പിന്തുടര്‍ച്ചാവകാശ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അവര്‍ വാദിച്ചു.

എന്നാല്‍ ബുഷറയ്ക്ക് സ്വത്ത് നല്‍കിയിട്ടുണ്ടെന്ന് എതിര്‍ കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.എസ്. സുല്‍ഫിക്കര്‍ അലി, കെ.കെ സൈദാലവി എന്നിവര്‍ പറഞ്ഞു.

അതേസമയം പെണ്‍മക്കള്‍ക്ക് സ്വത്ത് നല്‍കാതെ ആണ്‍മക്കള്‍ സ്വത്ത് കയ്യടക്കുയാണോയെന്ന് കോടതി നീരീക്ഷിച്ചു.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി, സഹോദരങ്ങള്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. കേസില്‍ ഇപ്പോഴുള്ള സ്ഥിതി തുടരാനും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

എന്നാല്‍ ശരീഅത്ത് നിയമ പ്രകാരം മുസ്‌ലിം കുടുംബങ്ങളില്‍ നടപ്പാക്കുന്ന പിന്തുടര്‍ച്ചാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹരജിക്കൊപ്പം ഈ കേസ് പരിഗണിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

content highlight: Are sons inheriting property without giving it to daughters; In Vadakara, according to Shariah, each person is married; Supreme Court by notice