1000 രൂപ നോട്ടുകള്‍ തിരിച്ചുവരുമോ; മറുപടിയുമായി ആര്‍.ബി.ഐ ഗവര്‍ണര്‍
national news
1000 രൂപ നോട്ടുകള്‍ തിരിച്ചുവരുമോ; മറുപടിയുമായി ആര്‍.ബി.ഐ ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd May 2023, 2:09 pm

ന്യൂദല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതു കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ 1000 രൂപ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 1000 രൂപ നോട്ടുകള്‍ തിരിച്ചുവരുമെന്നത് ഊഹാപോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

‘അതെല്ലാം ഊഹാപോഹങ്ങളാണ്. നിലവില്‍ അത്തരമൊരു നിര്‍ദേശമില്ല,’ 1000 രൂപ നോട്ടുകള്‍ തിരിച്ചുവരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനായി ബാങ്കുകളിലേക്ക് തിടുക്കപ്പെട്ട് പോകേണ്ടതില്ലെന്നും സെപ്തംബര്‍ 30 വരെ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ട് കൈമാറ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ ആര്‍.ബി.ഐ പരിഹരിക്കുമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.

പ്രചാരത്തില്‍ നിന്നും 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം കറന്‍സി മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം അറിയിച്ചു.

‘നോട്ട് കൈമാറാന്‍ സമയമില്ലെന്ന് ആലോചിച്ച് ആരും പരിഭ്രാന്തിപ്പെടേണ്ടതില്ല. ആര്‍.ബി.ഐ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് സെപ്തംബര്‍ 30 വരെ സമയമുണ്ട്. നോട്ടുകള്‍ കൈമാറുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

നടപടി ക്രമങ്ങള്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് സമയപരിധിയെന്നും എല്ലാ പ്രശ്‌നങ്ങളും ആര്‍.ബി.ഐ പരിഹരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. സമയപരിധി നിശ്ചയിച്ചില്ലെങ്കില്‍ ആളുകള്‍ അതിനെ ഗൗകരവമായി എടുക്കില്ലെന്നും പ്രക്രിയ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്കുകളിലേക്ക് എത്ര നോട്ടുകള്‍ വരുന്നുണ്ടെന്നത് നോക്കിയതിന് ശേഷം സമയപരിധി നീട്ടുന്നതിനെ കുറിച്ചുള്ള തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  2000 രൂപ നോട്ടുകള്‍ നിയമപരമായി തുടരുകയാണെന്നും കടകളില്‍ നോട്ടുകള്‍ നിരസിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പ്രചാരത്തില്‍ നിന്നും 2000 രൂപ നോട്ടുകള്‍ ഞങ്ങള്‍ പിന്‍വലിച്ചു. എന്നാല്‍ നോട്ടുകള്‍ നിയമപരമായി തുടരുകയാണ്. നേരത്തെ തന്നെയുള്ള ബാങ്കിന്റെ നിര്‍ദേശപ്രകാരം ആര്‍ക്കും നോട്ടുകള്‍ നിരസിക്കാന്‍ സാധിക്കില്ല,’ ശക്തികാന്ത ദാസ് പറഞ്ഞു.

2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റി വാങ്ങുന്നത് നാളെയാണ് തുടങ്ങുന്നത്.

ആര്‍.ബി.ഐ 2000രൂപ നോട്ടുകള്‍ പിന്‍വലിച്ചതായുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ പല കടകളിലും നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല. സെപ്റ്റംബര്‍ 30നകം ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാമെന്നാണ് ആര്‍.ബി.ഐ അറിയിച്ചിരുന്നത്.

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരിച്ചറിയല്‍ രേഖകളോ ഫോമുകളോ ആവശ്യമില്ലെന്ന് എസ്.ബി.ഐ ഇന്നലെ സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിരുന്നു. ഒരു തവണ 20,000 രൂപ എന്ന രീതിയില്‍ നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടുകള്‍ മാറ്റാന്‍ ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും വരി നില്‍ക്കാമെന്നും എസ്.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Contenthighlight:   Are RS 1000 note coming back: Sakthikantha das reply