ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ പശുകടത്തുകാരനെന്ന് ആരോപിച്ച് 19 കാരനെ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ആര്യന്‍ മിശ്രയുടെ മാതാവ് ഉമ. തന്റെ മകനെ മുസ്‌ലിം എന്ന് തെറ്റിദ്ധരിച്ചാണ് അവര്‍ കൊന്നതെന്ന് പറഞ്ഞ ഉമ, എന്താ മുസ്‌ലിങ്ങളും മനുഷ്യരല്ലേ അവരും നമ്മുടെ സഹോദരങ്ങളല്ലെ എന്നാണ് മാധ്യമങ്ങളോട് ചോദിക്കുന്നത്.
ആര്യന്റെ പിതാവ് സിയാനന്ദ് പ്രതികളിലൊരാളായ അനില്‍ കൗശികിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നെന്നും എന്നാല്‍ അയാള്‍ മുസ്‌ലിം ആണെന്ന് തെറ്റിദ്ധരിച്ച് ആര്യനെ കൊന്നതില്‍ കാല്‍ പിടിച്ച് മാപ്പ് പറഞ്ഞതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഉമയുടെ പ്രതികരണം.
‘മുസ്‌ലിങ്ങള്‍ എന്താ മനുഷ്യരല്ലെ? അവരും നമ്മുടെ സഹോദരങ്ങള്‍ അല്ലെ? പിന്നെ എന്തിനാണ് അവരെ കൊല്ലുന്നത്? ഞങ്ങളുടെ വീടിന്റെ പരിസരത്തുള്ള മുസ്‌ലിം സഹോദരങ്ങള്‍ ഞങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യാറുള്ളത്,’ ഉമ പറഞ്ഞു.
കഴിഞ്ഞ മാസം ഓഗസ്റ്റ് ഒമ്പതിനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആര്യന്‍ മിശ്രയെ ഹരിയാനയിലെ പള്‍വാന ജില്ലയിലെ ഗഡ്പുരി ടോള്‍ പ്ലാസയ്ക്ക സമീപം വെച്ച് ഗോരക്ഷ പ്രവര്‍ത്തകര്‍ വെടിവെച്ച് കൊല്ലുന്നത്. ആര്യന്‍ പശുക്കടത്തുകാരനാണെന്ന് സംശയത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ആര്യന്‍ സഞ്ചരിച്ച കാര്‍ 30 കിലോമീറ്ററോളം പിന്തുടര്‍ന്ന സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആര്യനെ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രദേശത്തെ ഹിന്ദുത്വ നേതാവും ഗോസംരക്ഷണ പ്രവര്‍ത്തകനുമായ അനില്‍ കൗശിക് ആണ് കേസിലെ ഒന്നാം പ്രതി. വരുണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ആദേശ് സിംഗ്, സൗരവ് കുമാര്‍ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല്,അഞ്ച് പ്രതികളാണ്.
ഇവര്‍ക്കെതിരെ ബി.എന്‍.എസ് സെക്ഷന്‍ 103 (1) (കൊലപാതകത്തിനുള്ള ശിക്ഷ), 190 (നിയമവിരുദ്ധമായി സംഘംചേരല്‍), 191 (3) (ആയുധം കൈവശംവെക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആര്യന്റെ പിതാവായ സിയാനന്ദ് മിശ്രയും സമാനമായ പ്രതികരണം നടത്തിയിരുന്നു. തന്റെ മകന്‍ പശുകടത്ത് നടത്തിയാല്‍ തന്നെ അവനെ വെടിവെടിവെച്ച് കൊല്ലാന്‍ ആരാണ് അനുവാദം നല്‍കിയെതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. തന്റെ മകന് ഇനി തിരിച്ച് വരില്ലെന്ന് അറിയാമെങ്കിലും അവനെ കൊന്നതിന് പിന്നിലെ കാരണക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആര്യന്‍ മിശ്രയുടെ കൊലപാതകത്തില്‍ നീതി ആവശ്യപ്പെട്ട സഹോദരന്‍ ആരംഭിച്ച വാട്‌സ്അപ്പ് ഗ്രൂപ്പില്‍ ഇതിനകം ആയിരത്തിലേറെ പേര്‍ അംഗങ്ങളായിട്ടുണ്ട്. കൊലപാതകത്തെ അപലപിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: Are Muslims not human? asks Bajrang dal killed 19 year old boy’s mother