| Friday, 23rd March 2018, 3:31 pm

ബീഹാറും ബി.ജെ.പിയ്ക്ക് നഷ്ടപ്പെടുന്നു?; നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുന്നതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിനു പിന്നാലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യു ബി.ജെ.പി ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ എന്‍.ഡി.എ സഖ്യത്തെ പരാജയപ്പെടുത്തി ആര്‍.ജെ.ഡി മികച്ച വിജയം നേടിയതാണ് എന്‍.ഡി.എ നേതാക്കളായ നിതീഷ് കുമാറിനെയും രാം വിലാസ് പാസ്വാനെയും പുതിയ മുന്നണിയുടെ ആലോചനയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം ആദ്യം പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് റിസല്‍ട്ടില്‍ അറാറിയ ലോക്‌സഭാ മണ്ഡലത്തിലും ജെഹ്‌നാബാദ് നിയമസഭാ മണ്ഡലത്തിലും ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി ആര്‍.ജെ.ഡി മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ബാബുവ മണ്ഡലത്തില്‍ മാത്രമായിരുന്നു ബി.ജെ.പിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്.

സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പിയുടെ രാഷട്രീയത്തിനെതിരാണെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും കഴിഞ്ഞവര്‍ഷം അവസാനം എന്‍.ഡി.എയുമായി സഖ്യത്തിലേര്‍പ്പെട്ട ജനതാദള്‍ യു ബന്ധത്തെ ജനങ്ങള്‍ സ്വീകരിച്ചില്ലെന്നതിന്റെ തെളിവാണിതെന്നുമാണ് നിതീഷും സംഘവും വിലയിരുത്തുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞിടത്തും തിരിച്ചടിയുണ്ടായത് ബി.ജെ.പിയുടെ ജാതി രാഷ്ട്രീയത്തിന്റെ ഫലമാണെന്നും വിലയിരുത്തലുകളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുതിയ സഖ്യത്തെക്കുറിച്ച് ലോക് ജനശക്തി പാര്‍ട്ടി രാം വിലാസ് പാസ്വാനുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് ജനതാദള്‍ യു വിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ കുമാറിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കെതിരെയാണ് ഇരു പാര്‍ട്ടികളും കൈകോര്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ആന്ധ്രാപ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടി എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചിരുന്നു ഇതിനു പിന്നാലെയാണ് ബീഹാറും ബി.ജെ.പിയ്ക്ക് നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more