|

ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് തന്നെ എത്തുന്നുണ്ടോ: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: റേഷൻ കാർഡുകൾ ‘ജനപ്രിയ കാർഡായി’ മാറിയിരിക്കുന്നുവെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ അർഹതയുള്ളവരിലേക്ക് തന്നെയാണോ എത്തുന്നതെന്ന ആശങ്ക ഉന്നയിച്ചു. സബ്സിഡികളുടെ ആനുകൂല്യം യഥാർത്ഥ ഗുണഭോക്താക്കൾക്ക് തന്നെ ലഭിക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

‘ദരിദ്രരായ ആളുകൾക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ അർഹതയില്ലാത്തവരുടെ പോക്കറ്റുകളിലേക്ക് ഒഴുകുന്നുണ്ടോ എന്നതാണ് ഞങ്ങളുടെ ആശങ്ക. റേഷൻ കാർഡ് ഇപ്പോൾ ഒരു ജനപ്രിയ കാർഡായി മാറിയിരിക്കുന്നു,’ കോടതി പറഞ്ഞു.

കൊവിഡ് 19 മഹാമാരിയുടെ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിനായി കോടതി സ്വമേധയാ ആരംഭിച്ച കേസിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്. ദരിദ്ര കുടുംബങ്ങൾക്ക് സബ്സിഡി റേഷൻ എത്തുന്നു എന്നത് ഉറപ്പാക്കേണ്ടത് പ്രധാനപ്പെട്ട വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വികസന സൂചികയെക്കുറിച്ച് സംസാരിക്കുമ്പോൾ സംസ്ഥാനങ്ങൾ ഉയർന്ന പ്രതിശീർഷ വളർച്ച ഉണ്ടായെന്ന് കാണിക്കുകയും എന്നാൽ സബ്സിഡികളുടെ കാര്യത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനങ്ങൾ അവരുടെ ജനസംഖ്യയുടെ 75 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് അവകാശപ്പെടുന്നുവെന്നും കോടതി പറഞ്ഞു.

‘ സംസ്ഥാനങ്ങൾ പറയുന്നത് ഞങ്ങൾ ഇത്രയധികം റേഷൻ കാർഡുകൾ നൽകിയിട്ടുണ്ടെന്ന് മാത്രമാണ്. ചില സംസ്ഥാനങ്ങൾ അവരുടെ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രതിശീർഷ വരുമാനം വളരുകയാണെന്ന് പറയുന്നു. അതേസമയം ബി.പി.എല്ലിനെ കുറിച്ച് സംസാരിക്കുമ്പോൾ, ജനസംഖ്യയുടെ 75 ശതമാനവും ബി.പി.എൽ ആണെന്ന് അവർ പറയുന്നു. ഈ വസ്തുതകൾ എങ്ങനെ പരിഹരിക്കാനാകും,’ കോടതി ചോദിച്ചു.

ആളുകളുടെ വരുമാനത്തിലെ അസമത്വങ്ങളിൽ നിന്നാണ് ഈ അപാകത ഉണ്ടായതെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ‘പല സംസ്ഥാനങ്ങളിലും വളരെ കുറച്ച് ആളുകൾ മാത്രം സാമ്പത്തികമായി ഉയർന്ന നിലയിലാണ്. ആളോഹരി വരുമാനം സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ ശരാശരിയാണ്. ദരിദ്രർ ദരിദ്രരായി തുടരുമ്പോൾ സമ്പന്നർ കൂടുതൽ സമ്പന്നരായിക്കൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പാവപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകേണ്ടതുണ്ടെന്നും ഏകദേശം എട്ട് കോടി ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഭൂഷൺ പറഞ്ഞു.

അതേസമയം റേഷൻ കാർഡുകൾ രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് വിതരണം ചെയ്തിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കോടതി പറഞ്ഞു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏകദേശം 81.35 കോടി ആളുകൾക്ക് സർക്കാർ സൗജന്യ റേഷൻ നൽകുന്നുണ്ടെന്നും സമാനമായ മറ്റൊരു പദ്ധതിയിൽ 11 കോടി ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു.

2021 ജൂൺ മാസത്തിൽ കൊവിഡ്-19 സമയത്ത് ദുരിതത്തിലായ എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻ കാർഡുകൾ നൽകുന്നത് ഉൾപ്പെടെയുള്ള ക്ഷേമ നടപടികൾ സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ട് സുപ്രീം കോടതി നിർദേശങ്ങൾ പാസാക്കിയിരുന്നു. പിന്നാലെ കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ കാർഡുകളും മറ്റ് ക്ഷേമ നടപടികളും നൽകുന്നതിനെക്കുറിച്ചുള്ള 2021ലെ നിർദേശങ്ങൾ പാലിക്കപ്പെട്ടോ എന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ദരിദ്രർക്ക് വിതരണം ചെയ്യുന്ന സൗജന്യ റേഷന്റെ വിവരങ്ങളെക്കുറിച്ച് കേന്ദ്രത്തിന്റെ പ്രതികരണം സമർപ്പിക്കാൻ ആവശ്യപ്പെട്ട് ബെഞ്ച് കേസ് മാറ്റിവച്ചു.

Content Highlight: Are benefits for poor reaching genuine beneficiaries? SC asks

Video Stories