| Tuesday, 15th October 2013, 2:20 pm

കടലാസ് വിസ: അരുണാചല്‍പ്രദേശ് ആര്‍ച്ചറി താരങ്ങള്‍ക്ക് ചൈന യാത്ര അനുവദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി:  കടലാസ് വിസയുടെ പേരില്‍ ചൈന യാത്ര നിഷേധിച്ച അരുണാചല്‍പ്രദേശ് ആര്‍ച്ചറി താരങ്ങള്‍ക്ക്  യാത്രാനുമതി നല്‍കിയതായി ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുയിങ്.

ചൈനയില്‍ യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ ആര്‍ച്ചറി താരങ്ങള്‍ക്കാണ് ന്യൂദല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ചൈനീസ് എയര്‍ ലൈന്‍ യാത്ര നിഷേധിച്ചത്. സംഭവത്തില്‍ ദു:ഖമുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രി അറിയിച്ചു.

ചൈനയുടെ പ്രവര്‍ത്തി ഇന്ത്യയോടുള്ള ആത്മാര്‍ത്ഥയുടെ സൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പ്രശ്‌നം സഹകരണ മനോഭാവത്തോടെ കൊണ്ടുപോവുകയാണെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാമെന്നും ഹുവാ ചുയിങ് അഭിപ്രായപ്പെട്ടു.

ചൈനയില്‍ യൂത്ത് വേള്‍ഡ് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ അംഗങ്ങളായ മാസിലൊ മിഹു, സുരഗ് യുമി എന്നീ ആര്‍ച്ചറി താരങ്ങള്‍ക്കാണ് ചൈന യാത്ര നിഷേധിച്ചിരുന്ന്. ചൈനീസ് എംബസിയാണ് ഇരുവര്‍ക്കും പേപ്പര്‍ വിസ നല്‍കിയത്.

കടലാസ് വിസയുടെ പേരില്‍ യാതൊരു പ്രശ്‌നവും ഉണ്ടാവില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വിരുദ്ധ നടപടിയാണ് ചൈനീസ് എയര്‍ലൈന്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.

ചൈനീസ് എയര്‍ലൈന്‍ അധികൃതര്‍ ഇവരുടെ ചൈനയിലേക്കുള്ള യാത്ര തടഞ്ഞപ്പോഴാണ് കടലാസ് വിസയുടെ കാര്യം പുറത്തുവന്നത്.

സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അരുണാചല്‍ മുഖ്യമന്ത്രി നബാം ടുക്കി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിരുന്നു.

കടലാസ് വിസയുടെ പേരില്‍ ചൈന വിസ നിഷേധിക്കുന്നതില്‍ ഇന്ത്യ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു.  ഇന്ത്യയുടെ അരുണാചല്‍ പ്രദേശ് തങ്ങളുടെ തെക്കന്‍ ടിബറ്റ് ആണെന്നാണ് ചൈനയുടെ വാദം.

ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഉറച്ചതാണെന്നും അതിര്‍ത്തി തര്‍ക്കത്തില്‍ കിഴക്കന്‍ മേഖലയിലെ ഈ പ്രദേശവും ഉള്‍പ്പെടുന്നതായി ഇന്ത്യക്ക് അറിയാമെന്നും ചൈനയുടെ വിദേശ കാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അരുണാചല്‍ തങ്ങളുടെ ഭാഗമായതിനാല്‍ ഇവിടെ നിന്നുള്ളവര്‍ക്ക് വിസ വേണ്ടെന്നായിരുന്നു ഇതുവരെ ചൈന പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more