മധ്യപ്രദേശിലെ ഭോജ്ശാല കമാല്‍മൗല മസ്ജിദില്‍ നിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ്
national news
മധ്യപ്രദേശിലെ ഭോജ്ശാല കമാല്‍മൗല മസ്ജിദില്‍ നിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th July 2024, 5:58 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോജ്ശാല കമാല്‍മൗല മസ്ജിദില്‍ നിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ്. പള്ളിയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുരവാസ്തു വകുപ്പ് തിങ്കളാഴ്ച മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

2000 പേജുള്ള സര്‍വേ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പള്ളി സമുച്ചയത്തില്‍ നിന്ന് 94ലധികം തകര്‍ന്ന വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.

തര്‍ക്ക ഭൂമിയില്‍ ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥലത്ത് മുമ്പ് ക്ഷേത്രം നിലനിന്നിരുന്നതിന് തെളിവ് കണ്ടെത്തിയെന്നും ഇന്ന് വളരെ സന്തോഷമുളള ദിവസമാണെന്നും എ.എസ്.ഐക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഹിമാന്‍ഷു ജോഷി പറഞ്ഞു.

‘ഇന്ന് വളരെ സന്തോഷമുള്ള ദിവസമാണ്. പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് പണ്ട് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് എ.എസ്.ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവിടെ ഹിന്ദു പൂജ മാത്രമേ നടത്താന്‍ പാടുള്ളൂ.

നിസ്‌കാരം അനുവദിച്ചുകൊണ്ടുള്ള 2003ലെ എ.എസ്.ഐ ഉത്തരവ് നിയമവിരുദ്ധമാണ്. 94ലധികം വിഗ്രഹങ്ങളാണ് പള്ളിയുടെ സ്ഥലത്ത് നിന്ന് കണ്ടെടുത്തത്. മുമ്പ് അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നെന്ന് കാണുന്ന ആര്‍ക്കും എളുപ്പത്തില്‍ പറയാനാകും,’ അഭിഭാഷകന്‍ പറഞ്ഞു.

സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണമായും ജൂലൈ 15നകം ഹാജരാക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ‘ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ്’ എന്ന സംഘടനയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്.

മാര്‍ച്ച് 11നാണ് ശാസ്ത്രീയ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. ഒരുപാട് കാലമായി പള്ളിയുടെ പേരില്‍ പ്രദേശത്ത് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.

ചൊവ്വാഴ്ചകളില്‍ ഹിന്ദുക്കള്‍ക്ക് ഭോജ്ശാലയില്‍ ആരാധന നടത്താനും വെള്ളിയാഴ്ചകളില്‍ മുസ്‌ലിങ്ങളെ ആരാധന നടത്താനും അനുവദിക്കുന്ന ഉത്തരവ് 2003ലാണ് എ.എസ്.ഐ പുറപ്പെടുവിച്ചത്. ഈ ഉത്തരവ് 21 വര്‍ഷമായി നിലവിലുണ്ട്.

Content Highlight: Archeology department says temple ruins found at Bhojshala Kamalmaula Masjid in Madhya Pradesh