തൃശ്ശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ച് തൃശൂര്‍ അതിരൂപത. സര്‍ക്കാരുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് സഭയുടെ സമുദായ സമ്മേളനത്തിലാണ് അതിരൂപത ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
ജനസംഖ്യയുടെ ആനുപാതമനുസരിച്ച് കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ കൈകാര്യം ചെയ്യാത്തതില്‍ സഭ കടുത്ത വിമര്‍ശനം ഉയര്‍ത്തി. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് സഭയുടെ വിമര്‍ശനം.
ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തതിനെതിരെയും സഭ ആഞ്ഞടിച്ചു. സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നിയമിച്ച കമ്മീഷന്‍, സര്‍ക്കാര്‍ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടെന്നും സഭ വ്യക്തമാക്കി.
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടാത്തതിലുള്ള പ്രതിഷേധവും പ്രമേയത്തില്‍ അതിരൂപത ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പൗരന്മാര്‍ക്ക് ഇന്ത്യന്‍ ഭരണഘടനാ നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പ് വരുത്തണമെന്നും അതിരൂപത പ്രമേയം പറയുന്നു.
ജനാധിപത്യ ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് അതിരൂപത ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ കേന്ദ്രം ഇടപെടണമെന്നും സഭ പറഞ്ഞു.
സര്‍ക്കാരിന്റെ നിലപാടുകള്‍ വേദനയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്ന് പ്രമേയത്തില്‍ സഭ ചൂണ്ടിക്കാട്ടി. ക്രൈസ്തവരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവേചനം കാണിക്കുന്നുവെന്നും അതിരൂപത പറയുന്നു.
Content Highlight: Archdiocese of Thrissur presented a resolution against the central and state governments
#