തൃശൂര്‍: കക്കുകളി എന്ന നാടകത്തിനെതിരെ തൃശൂര്‍ അതിരൂപത. നാടകം ക്രൈസ്തവ വിശ്വാസത്തെ അപഹാസ്യമായി ചിത്രീകരിക്കുന്നുവെന്നാണ് അതിരൂപതയുടെ ആരോപണം. നാടകത്തിനെതിരെ ഞായറാഴ്ച അതിരൂപതയുടെ കീഴിലുള്ള ഇടവകയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൃശൂര്‍ അതിരൂപത സര്‍ക്കുലറിലൂടെ പറഞ്ഞു.
ഇതുകൂടാതെ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും അതിരൂപത അറിയിച്ചു. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി കക്കുകളി എന്ന നാടകം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.
‘സര്‍ക്കുലറില്‍ നിന്ന്- കന്യാസ്ത്രീമഠങ്ങളിലേക്ക് കടന്നു ചെല്ലുന്ന പെണ്‍കുട്ടികളെ അടിമകളാക്കി പണിയെടുപ്പിക്കുക, അവരെ പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുക എന്നതാണ് മഠങ്ങളില്‍ നടക്കുന്നത് എന്ന തെറ്റായ ആശയമാണ് ഈ നാടകത്തിന്റെ ഇതി വൃത്തം.
സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ തൃശൂരില്‍ നടന്ന നാടകോത്സവത്തില്‍ ഈ വിവാദനാടകം അവതരിപ്പിക്കുകയും സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിതന്നെ നാടകാവതരണത്തേയും അതിലെ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.