ഇസ്രഈലി അധിനിവേശം അവസാനിപ്പിക്കുകയും അന്താരാഷ്‌ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യൂ: അഭ്യർത്ഥനയുമായി കാന്റർബറി ആർച്ച് ബിഷപ്പ്
Worldnews
ഇസ്രഈലി അധിനിവേശം അവസാനിപ്പിക്കുകയും അന്താരാഷ്‌ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യൂ: അഭ്യർത്ഥനയുമായി കാന്റർബറി ആർച്ച് ബിഷപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2024, 11:11 am

കാന്റർബറി: ഇസ്രഈലിന്റെ ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അഭ്യർത്ഥിച്ച് കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി മുന്നോട്ടെത്തി.

ഫലസ്തീനിലെ ഇസ്രഈൽ അധിനിവേശം നിയമവിരുദ്ധമാണെന്ന് ഐ.സി.ജെ വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയെയും അന്താരാഷ്ട്ര നിയമങ്ങളെയും ഉയർത്തിപ്പിടിക്കാൻ ആർച്ച് ബിഷപ്പ് വിവിധ രാജ്യങ്ങളിലെ നേതാക്കളോടും സർക്കാരുകളോടും അഭ്യർത്ഥിച്ചു.

രണ്ടാഴ്ച മുമ്പായിരുന്നു ഫലസ്തീനിലെ ഇസ്രഈൽ അധിനിവേശം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി.

പതിറ്റാണ്ടുകളായി ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രഈൽ അധിനിവേശം നടത്തി വരുന്നുണ്ടെന്നും അത് നിയമവിരുദ്ധമാണെന്നും അന്താരാഷ്‌ട്ര കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രഈൽ സൈന്യം ഒഴിയണമെന്നയും ഇസ്രഈലിന്റെ ഫലസ്തീനിലെ സാന്നിധ്യം നിയമവിരുദ്ധമാണെന്ന് ഐ.സി.ജെ വ്യക്തമാക്കിയിട്ടുണ്ട്,’ വെൽബി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏത് സാഹചര്യങ്ങളിലും ഭയമോ പക്ഷപാതമോ ഇല്ലാതെ അന്താരാഷ്ട്ര നിയമങ്ങൾ അംഗീകരിക്കാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

‘അധിനിവേശം അവസാനിപ്പിക്കുന്നത് അത്യാവശ്യമാണ്. അവിടെ നടക്കുന്നത് മനുഷ്യാവകാശലംഘനമാണ്. എല്ലാ യു.എൻ സഖ്യ രാജ്യങ്ങളും ഈ അഭിപ്രായത്തോട് യോജിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. ഫലസ്തീൻ ജനതയുടെ മൗലീകാവകാശം നേടിയെടുക്കാൻ നാം അവരോടൊപ്പം നിലകൊള്ളണം,’ വെൽബി പറഞ്ഞു.

അതോടൊപ്പം ഫെബ്രുവരിയിലെ യു.കെ പര്യടനത്തിനിടെ ഫലസ്തീൻ പാസ്റ്റർ മുൻതർ ഐസക്കുമായുള്ള കൂടിക്കാഴ്ച നിരസിച്ചതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഫലസ്തീനിലെ സഹോദരീ സഹോദരന്മാർ കഷ്ടപ്പാടുകൾ നേരിടുമ്പോൾ അവിടുന്നുള്ള ഒരു സഹോദരനെ കാണാൻ വിസമ്മതിച്ചതിൽ താൻ ഖേദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതാവും ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ കൂട്ടായ്മയുടെ തലവനുമാണ് വെൽബി.

രണ്ടാഴ്ച മുൻപ് ഐ.സി.ജെ പ്രസിഡന്റ് നവാസ് സലാം ഇസ്രഈൽ അധിനിവേശം മൂലം ഫലസ്തീനികൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞിരുന്നു. ഇസ്രഈൽ അധിനിവേശം അംഗീകരിക്കാൻ യു.എൻ രക്ഷാ സമിതിക്കും എല്ലാ രാഷ്ട്രങ്ങൾക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇസ്രഈൽ ഫലസ്തീനികൾക്കെതിരെ ആസൂത്രിതമായി വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

 

Content Highlight: Archbishop of Canterbury says ending Israeli occupation is a ‘legal and moral necessity’