ലണ്ടൻ: ഐക്യരാഷ്ട്രസഭയുടെ വെടിനിർത്തൽ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനകിന്റെ നിലപാടിന് വിരുദ്ധമായി ഇംഗ്ലണ്ട് സ്റ്റേറ്റ് ചർച്ച് ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി.
കാന്റർബറി ആർച്ച് ബിഷപ്പായ ജസ്റ്റിൻ വെൽബി ഗസയിൽ ഭക്ഷണവും വെള്ളവും മരുന്നുകളും സുരക്ഷിതമായി എത്തിക്കാൻ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഗസ മുനമ്പിലെ ഇസ്രഈൽ ബോംബാക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം ആളുകൾ ലണ്ടനിൽ മാർച്ച് നടത്തിയിരുന്നു.
ജറുസലേമിലെ പള്ളികളിലെ പുരോഹിതൻമാർക്കൊപ്പം ചേർന്ന് സംയുക്തമായി വെടിനിർത്തൽ ആവശ്യപ്പെട്ട ആർച്ച്ബിഷപ് ഗസ വിഷയത്തിൽ ബ്രിട്ടനിലെ രാഷ്ട്രീയ, മത സ്ഥാപനങ്ങളിലെ വൈരുധ്യ നിലപാടുകളാണ് വ്യക്തമാക്കുന്നത്.
ഗസയിലെ ഓർത്തഡോക്സ് ചർച്ചിലെ ഇസ്രഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും പുരോഹിതന്മാർ അറിയിച്ചു.
‘അവസാന ആശ്രയമായ അഭയകേന്ദ്രങ്ങളിൽ റോക്കറ്റ് ആക്രമണം നടത്തി നിഷ്കളങ്കരായ കുട്ടികളെ കൊലപ്പെടുത്തിയ നടപടിയെ ഞങ്ങൾക്ക് അവഗണിക്കാൻ കഴിയില്ല,’ പ്രസ്താവനയിൽ പറയുന്നു.
സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് ചർച്ച് പുരോഹിതന്മാർ ആവശ്യപ്പെട്ടു.
ഗസ സിറ്റിയിൽ ഇസ്രഈൽ നടത്തിയ വ്യോമാക്രമണത്തിൽ 1600 വർഷം പഴക്കമുള്ള ഗ്രീക്ക് ഓർത്തഡോക്‌സ് സെന്റ് പോർഫിറിയസ് പള്ളി തകർന്ന് ഫലസ്തീനി അഭയാർത്ഥികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫലസ്തീനിൽ യുദ്ധം രൂക്ഷമായതിനാൽ നിരവധി പേരാണ് ക്രിസ്ത്യൻ ആരാധനാലയത്തിൽ അഭയം പ്രാപിച്ചിരുന്നത്. ഇത് ആരാധനാലയത്തെ ലക്ഷ്യമിട്ട് മുൻകൂട്ടിയുള്ള ആക്രമണമാണെന്ന് ആരോപണം ഉയർന്നിരുന്നു.
നൂറുകണക്കിനാളുകളുടെ മരണത്തിനും പരിക്കുകൾക്കും കാരണമായ അൽ അഹ്‌ലി ബാപിസ്റ്റ് ആശുപത്രിക്ക് നേരെ ഉണ്ടായ ഇസ്രഈൽ ബോംബാക്രമണത്തിന് പിന്നാലെയാണ് ഫലസ്തീനി അഭയാർത്ഥികളെ ലക്ഷ്യമിട്ടുകൊണ്ട് ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായത്.
Content highlight: Archbishop of Canterbury calls for Gaza ceasefire in break from UK policy