| Monday, 23rd October 2023, 9:16 am

ഗസയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണം; ഇംഗ്ലണ്ടിലെ ഔദ്യോഗിക സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കന്റെബെറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി.
ജെറുസലേമിലെ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി സന്ദര്‍ശത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗസ പൗരന്മാര്‍ക്ക് നേരെയുള്ള ബോംബാക്രമണം അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടി നിര്‍ത്തല്‍ നടപ്പാക്കണമെന്നും, ഗസയിലെ ലക്ഷക്കണക്കിന് സിവിലിയന്‍മാര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും ഉള്‍പ്പെടെ മാനുഷികസഹായം എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന കരയുദ്ധത്തില്‍ മരണസംഖ്യ ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍, ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.

‘സിവിലിയന്‍മാര്‍ക്ക് നേരെയുള്ള എല്ലാ ബോംബ് ആക്രമണങ്ങളും തെറ്റാണ്. വെടിനിര്‍ത്തലിനും സുരക്ഷിതമായി മാനുഷിക സഹായങ്ങള്‍ക്കും ഞങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. യുദ്ധങ്ങള്‍ എത്ര ദുഷ്‌കരമാണെന്ന് എല്ലാവര്‍ക്കും അറിയാം. യുദ്ധത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഒരു അര്‍ബന്‍ നഗരത്തില്‍ അത് പെരുപ്പിച്ചു കാണിക്കല്‍ പ്രയാസമാണ്’,ഞായറാഴ്ച ജെറുസലേമിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ജെറുസലേമിലെ പാത്രിയാര്‍ക്കീസുമാരും വിവിധ സഭ തലവന്മാരും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും സംയുക്തമായാണ് ആവശ്യം ഉന്നയിച്ചത്. ഇംഗ്ലണ്ടിലെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതാവ് കൂടിയാണ് കന്റെബെറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി.

എന്നാല്‍ ഇസ്രഈലിന് അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് സ്വീകരിച്ചത്. കൂടാതെ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തില്‍ നിന്നും ബ്രിട്ടന്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

നിലവില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 4,651 പേര്‍ മരിച്ചതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു.

Content Highlight: Archbishop of Canterburry condemns bombing of  civilians in Gaza

Latest Stories

We use cookies to give you the best possible experience. Learn more