കേപ്ടൗണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവായ ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുടു അന്തരിച്ചു. 90ാം വയസിലായിരുന്നു അന്ത്യം.
ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം നിര്‍ത്തലാക്കാന്‍ വേണ്ടി മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലക്കൊപ്പം പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്നു ടുടു.
1948 മുതല്‍ 1991 വരെ ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷ വെളുത്ത വര്‍ഗക്കാരുടെ സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തെ കറുത്ത വര്‍ഗക്കാരായ ജനങ്ങള്‍ നേരിട്ട വംശീയ-വര്‍ണ വിവേചനങ്ങള്‍ക്കെതിരെ പോരാടിയ വ്യക്തിത്വമായിരുന്നു ടുടു.
”രാജ്യത്തിന്റെ ഐക്കോണിക് ആത്മീയ നേതാവായിരുന്നു അദ്ദേഹം. വര്‍ണവിവേചനത്തിനെതിരെ പോരാടിയ ആക്ടിവിസ്റ്റ്. ആഗോളതലത്തില്‍ തന്നെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ക്യാംപെയിന്‍ നടത്തിയ വ്യക്തി,” ടുടുവിന്റെ മരണത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിള്‍ റാമഫോസ പറഞ്ഞു.
1984ലായിരുന്നു ഇദ്ദേഹത്തിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
നെല്‍സണ്‍ മണ്ടേല ആദ്യത്തെ കറുത്ത വംശജനായ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ദക്ഷിണാഫ്രിക്കയെ ‘മഴവില്‍ രാജ്യം’ (Rainbow Nation) എന്നായിരുന്നു ഇദ്ദേഹം വിശേഷിപ്പിച്ചത്. ഈ പ്രയോഗം പിന്നീട് പ്രശസ്തമായി.