കൊച്ചി: ഡബ്ല്യു.സി.സി നടത്തിയ പത്രസമ്മേളനത്തില്‍ നടി അര്‍ച്ചന പത്മിനി നടത്തിയ വെളിപ്പെടുത്തലില്‍ നിയമ നടപടി സ്വീകരിക്കില്ലെന്ന് ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണന്‍. അര്‍ച്ചനയോട് മോശമായി പെരുമാറിയ ഷെറിന്‍ സ്റ്റാലിന്‍ സിനിമയില്‍ തന്നെ വര്‍ക്ക് ചെയ്യുന്നു എന്ന കാര്യം പുറത്തുവന്നതിനെ തുടര്‍ന്നാണ് തീരുമാനം.
ഷെറിന് എതിരെ നടപടികള്‍ സ്വീകരിച്ചില്ല എന്ന് പറയുന്നത് തെറ്റാണ്. ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ ഫെഫ്ക നടപടിയെടുത്തതാണ്. പിന്നീടെന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. ഷെറിന്‍ സ്റ്റാന്‍ലിനെ തിരികെ ജോലിക്കെടുത്ത കാര്യത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയോട് വിശദീകരണം ചോദിക്കുമെന്നും അര്‍ച്ചനയ്ക്ക് എതിരെ നിയമനടപടിക്കില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
അര്‍ച്ചനയും ഫെഫ്കയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ മിനിറ്റ്സും മറ്റ് രേഖകളും ബി.ഉണ്ണികൃഷ്ണന്‍ പുറത്തുവിട്ടിരുന്നു. അര്‍ച്ചന പറയുന്നത് ശുദ്ധനുണയാണെന്നും ആരോപണത്തില്‍ പറയുന്ന വ്യക്തിയെ അന്ന് തന്നെ ഫെഫ്ക്ക സസ്‌പെന്റ് ചെയ്തിരുന്നെന്നും. പൊലീസ് കേസ് വേണ്ടെന്ന് അര്‍ച്ചന തന്നെ പറയുകയായിരുന്നെന്നും ഉണ്ണികൃഷ്ണന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞിരുന്നു.
കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ആരോപണം എന്ന് മനസ്സിലാക്കുന്നെന്നും അര്‍ച്ചനക്ക് എതിരെ സംഘടനപരമായും വ്യക്തിപരമായും നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രതികരണം. എന്നാല്‍ ഉണ്ണികൃഷ്ണന്റെ വാദം തള്ളി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ബാദുഷ രംഗത്തെത്തിയിരുന്നു. ആരോപണ വിധേയനായ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും സിനിമയില്‍ സജീവമാണെന്നും ഷെറിന്‍ സ്റ്റാന്‍ലിക്ക് അബദ്ധം സംഭവിച്ചതാണെന്നും ബാദുഷ പറഞ്ഞിരുന്നു.
എന്നാല്‍ തന്നെ തെറ്റ് ധരിപ്പിച്ചാണ് ഈ രേഖയില്‍ ഒപ്പ് വെപ്പിച്ചതെന്നാണ് അര്‍ച്ചന ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. അദ്ദേഹം വളരെ കണ്‍വീനിസ് ചെയ്യുന്ന രീതിയില്‍ ആണ് അവര്‍ സംസാരിച്ചത്. പൊലീസില്‍ പോകുന്നില്ലെന്ന് അവിടെ പറഞ്ഞിരുന്നെന്ന് പ്രസ്മീറ്റിലും ഞാന്‍ പറഞ്ഞതാണ്. അവര് ആറുമാസം സസ്പെന്‍ഷന്‍ എന്നായിരുന്നു എന്നോട് പറഞ്ഞത്. അതിനു ശേഷം കൃത്യമായി എന്താണ് തീരുമാനം എന്ന് എന്നെ അറിയിക്കാം എന്നായിരുന്നു പറഞ്ഞത്. എന്നെ സംബന്ധിച്ച് ഇത്രയ്ക്ക് ക്രൂരമായി പെരുമാറിയ ഒരാള്‍ സിനിമമേഖലയില്‍ നിന്ന് തന്നെ പുറത്താക്കണം എന്നായിരുന്നു നിലപാട്. പക്ഷേ ആറുമാസം സസ്പെന്‍ഷന്‍ അത് കഴിഞ്ഞ് കാര്യങ്ങള്‍ അറിയിക്കാം എന്നായിരുന്നു പറഞ്ഞത്. അര്‍ച്ചന പറയുന്നു.
എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും ഇതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ഫെഫ്കയ്ക്ക് വീണ്ടും മെയില്‍ അയച്ചെന്നും ഇതില്‍ മറുപടിയൊന്നും ലഭിച്ചില്ലെന്നും അര്‍ച്ചന ഡൂള്‍ ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന് ഈ കാലയളവിലാണ് ഡബ്ല്യു.സി.സി രൂപികരിച്ചത്. തുടര്‍ന്ന് ഈക്കാര്യം താന്‍ അവിടെ തുറന്നു പറഞ്ഞെന്നും അതിന് ശേഷമാണ് പത്രസമ്മേളനത്തില്‍ പേര് അടക്കം വെളിപ്പെടുത്തിയതെന്നും അര്‍ച്ചന പറയുന്നു. അന്ന് ആ രേഖയില്‍ ഒപ്പിട്ടത് ആറുമാസം കഴിഞ്ഞ് നടപടികള്‍ സ്വീകരിക്കും എന്ന് എന്നോട് പറഞ്ഞതിന്‍ പ്രകാരമാണ്. എന്നാല്‍ അതുണ്ടായില്ല. മെയില്‍ അയച്ചതിന്റെ അടക്കം രേഖകള്‍ എന്റെ കൈവശമുണ്ട് – അര്‍ച്ചന ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ഡബ്ല്യു.സി.സി പത്രസമ്മേളനത്തില്‍ അര്‍ച്ചനയുടെ വെളിപ്പെടുത്തലാണ് വിവാദത്തിന് കാരണം. തനിക്ക് നേരിട്ട ദുരനുഭത്തില്‍ ഫെഫ്ക്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നടി അര്‍ച്ചന പത്മിനി ഇന്ന് പറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ സ്റ്റെറിന്‍ ഷാന്‍ലി എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെ അപമാനിച്ചെന്നും ഇതിനെതിരെ ഫെഫ്കയുടെ പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതിനല്‍കിയിരുന്നെന്നും അര്‍ച്ചന വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും ആരോപിതനായ വ്യക്തി ഇപ്പോഴും ജോലി ചെയ്യുന്നെന്നും തനിക്ക് ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും അയാള്‍ തട്ടിതെറിപ്പിക്കുന്നു എന്നും അര്‍ച്ചന പത്മിനി പറഞ്ഞിരുന്നു