വിവാഹം, ഡിവേഴ്‌സ്, ഡിപ്രഷന്‍ ഇതില്‍ നിന്ന് റിക്കവര്‍ ചെയ്യാനാണ് ഇത്രയും സമയമെടുത്തത്: അര്‍ച്ചന കവി
Entertainment
വിവാഹം, ഡിവേഴ്‌സ്, ഡിപ്രഷന്‍ ഇതില്‍ നിന്ന് റിക്കവര്‍ ചെയ്യാനാണ് ഇത്രയും സമയമെടുത്തത്: അര്‍ച്ചന കവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th January 2025, 11:13 am

ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചയാളാണ് അര്‍ച്ചന കവി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് അര്‍ച്ചന സിനിമാലോകത്തേക്കെത്തിയത്. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ടുതന്നെ അര്‍ച്ചന ശ്രദ്ധേയയായി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ അര്‍ച്ചന തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറയിച്ചു.

നീണ്ട ഇടവേളക്ക് ശേഷം അര്‍ച്ചനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഐഡന്റിറ്റി. ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോയുടെ സഹോദരിയായാണ് അര്‍ച്ചന വേഷമിട്ടത്. ഇത്രയും വലിയ ഇടവേളയെടുക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് അര്‍ച്ചന കവി.

ഈ കാലത്തിനിടയില്‍ തന്നെ ആരും വിളിച്ചിരുന്നില്ലെന്ന് അര്‍ച്ചന പറഞ്ഞു. പത്ത് വര്‍ഷത്തെ ഗ്യാപ്പിനിടയില്‍ തന്റെ വിവാഹം കഴിഞ്ഞെന്നും പിന്നീട് ഡിവോഴ്‌സായെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. പിന്നീട് അതിന്റെ ഡിപ്രഷനും അതില്‍ നിന്ന് റിക്കവറാകാനും ഇത്രയും സമയമെടുത്തെന്നും അര്‍ച്ചന കവി പറഞ്ഞു. ഇതെല്ലാം കടന്നുപോകാന്‍ വേണ്ടി പത്തുവര്‍ഷം എടുത്തു എന്ന് പറയുമ്പോള്‍ കണക്ക് കറക്ടായെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

കുറേ കാലത്തിന് ശേഷമാണ് അഖില്‍ പോളും അനസും തന്നോട് കഥ പറയന്‍ വന്നതെന്നും സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചുകേള്‍പ്പിച്ചെന്നും അര്‍ച്ചന പറഞ്ഞു. മുമ്പ് തന്റെ സീന്‍ എന്താണെന്ന് സംവിധായകരോട് ചോദിക്കാന്‍ പോലും പേടിയായിരുന്നെന്നും സമയമാകുമ്പോള്‍ അവര്‍ വിളിക്കുന്നതാണ് പതിവെന്നും അര്‍ച്ചന പറഞ്ഞു. കരിയറില്‍ ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തത് ഐഡന്റിറ്റിയിലാണെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അര്‍ച്ചന കവി.

‘പത്തുവര്‍ഷം ഗ്യാപ്പെടുത്തത് വേറൊന്നും കൊണ്ടല്ല, എന്നെ ആരും വിളിച്ചില്ല. ആരെങ്കിലും വിളിച്ചാലല്ലേ നമുക്ക് പടം കിട്ടുകയുള്ളൂ. പിന്നെ ആ സമയത്ത് എന്റെ വിവാഹം കഴിഞ്ഞു. പിന്നീട് ഡിവോഴ്‌സായി, ഡിപ്രഷനിലേക്ക് പോയി. അതില്‍ നിന്നൊക്കെ റിക്കവറായി. ഇതിനെല്ലാം കൂടെ പത്തുവര്‍ഷമെടുത്തു. ഇത്രയും കാര്യങ്ങളില്‍ കൂടി കടന്നുപോകാന്‍ പത്തുവര്‍ഷം എന്ന കണക്ക് ആവശ്യമാണല്ലോ.

കുറേകാലത്തിന് ശേഷം എന്നോട് കഥ പറയാന്‍ വന്നവരാണ് അഖിലും അനസും. അവര്‍ എന്നോട് ക്യാരക്ടറിനെപ്പറ്റിയല്ല ആദ്യം പറഞ്ഞത്. ഫുള്‍ സ്‌ക്രിപ്റ്റ് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ എക്‌സൈറ്റഡായി. പണ്ടൊക്കെ നമ്മളെ പടത്തിലേക്ക് വിളിക്കുമ്പോള്‍ പോയി അഭിനയിക്കല്‍ മാത്രമായിരുന്നു പണി.

നമ്മുടെ സീന്‍ എന്താണെന്നൊന്നും സംവിധായകരോട് ചോദിക്കില്ലായിരുന്നു. എന്തെങ്കിലും പറയുമോ എന്ന പേടിയുണ്ടായിരുന്നു. സീനിന്റെ സമയമാകുമ്പോള്‍ പോയി ചെയ്യും. ഈ പടത്തിലാണ് ഞാന്‍ ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തത്,’ അര്‍ച്ചന കവി പറയുന്നു.

Content Highlight: Archana Kavi explains why she took break from cinema