തമിഴിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നാണ് 2018ല്‍ റിലീസായ 96. നവാഗതനായ പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി, തൃഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പരസ്പരം ഒന്നിക്കാന്‍ പറ്റാതെ പോയ പ്രണയജോഡികളുടെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായി മാറി. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതവും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി മാറ്റി.
എന്നാൽ 96 ഇറങ്ങുന്നതിനുമുമ്പ് അതുപോലൊരു കഥ താൻ എഴുതിയിരുന്നുവെന്ന് പറയുകയാണ് നടി അർച്ചന കവി. മോഹൻലാലിനെയും വിദ്യാബാലനെയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമയെടുക്കാനാണ് താൻ ആഗ്രഹിച്ചതെന്നും ആഷിഖ് അബു സിനിമ സംവിധാനം ചെയ്യാമെന്ന് പറഞ്ഞിരുന്നുവെന്നും അർച്ചന പറയുന്നു.
എല്ലാവർക്കും ഇഷ്ടമുള്ള പണ്ടത്തെ മോഹൻലാലിൻറെ റൊമാൻസെല്ലാം ആ സിനിമയിലൂടെ കൊണ്ടുവരാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഷൂട്ടിന് തൊട്ടുമുമ്പ് 96 ഇറങ്ങിയപ്പോൾ വലിയ പ്രയാസം തോന്നിയെന്നും അർച്ചന കവി കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയിരുന്നു അർച്ചന കവി.
‘ഞാൻ 96 ഇതുവരെ കണ്ടിട്ടില്ല. എന്റെ സ്ക്രിപ്റ്റ് മറ്റൊരു രീതിയിൽ ആയിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും കണ്ടേനെ. അല്ലാതെ കണ്ടാൽ ഞാൻ ആകെ അപ്സെറ്റ് ആവും. കാരണം അന്ന് സ്ക്രിപ്റ്റിന്റെ തേർഡ് ഡ്രാഫ്റ്റ് കഴിഞ്ഞിട്ടുണ്ടായിരുന്നു, ലാൽ സാറിന് കഥ ഇഷ്ടമായിട്ടുണ്ടായിരുന്നു. ആഷിഖ് അബു അത് സംവിധാനം ചെയ്യാൻ തീരുമാനിച്ചതായിരുന്നു.
ലാലേട്ടന്റെ പഴയ റൊമാന്റിക് സൈഡ് ആ സിനിമയിൽ കൊണ്ടുവരണം എന്നായിരുന്നു എന്റെ ആഗ്രഹം
– അർച്ചന കവി
അതുകൊണ്ടുതന്നെ ഒരു റൈറ്റർ എന്ന നിലയിൽ അതൊരു മികച്ച തുടക്കമായേനെ. എന്റെ ആദ്യത്തെ സിനിമയിൽ തന്നെ ആര് അഭിനയിച്ചുവെന്ന് ചോദിച്ചാൽ എനിക്ക് അഭിമാനത്തോടെ അവരുടെ പേരുകൾ പറയാമായിരുന്നു. പഴയ ലാലേട്ടന്റെ റൊമാന്റിക് സൈഡ് ഇല്ലേ? അത് കാണാൻ തന്നെ നല്ല രസമല്ലേ. അത് സിനിമയിൽ കൊണ്ടുവരണം എന്നായിരുന്നു എന്റെ ആഗ്രഹം. വിദ്യാബാലൻ നായികയായി വരണം എന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്.
സത്യം പറഞ്ഞാൽ ഷൂട്ട് തുടങ്ങാൻ കുറച്ച് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് 96 റിലീസാവുന്നത്. പിന്നെ അതിൽ നിന്നൊന്ന് ഓക്കെയാവാൻ കുറച്ച് സമയം വേണ്ടിവന്നു. എനിക്കന്ന് അറിയില്ലല്ലോ തമിഴ്‌നാട്ടിൽ ആരോ ഇരുന്ന് ഇതുപോലൊരു കഥ എഴുതുന്നുണ്ടെന്ന്,’അർച്ചന കവി പറയുന്നു.
Content Highlight: Archana Kavi About A Dropped Film With Mohanlal