Entertainment
ശിവകാര്‍ത്തികേയന് പുറമെ അയാളെയും ഗോട്ടില്‍ ഗസ്റ്റ് റോളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു: അര്‍ച്ചന കല്‍പാത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 21, 04:32 am
Friday, 21st February 2025, 10:02 am

കഴിഞ്ഞ വര്‍ഷം തമിഴില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററിലെത്തുന്ന വിജയ് ചിത്രം കൂടിയായിരുന്നു ഗോട്ട്. വിജയ് ഇരട്ടവേഷത്തിലെത്തിയ ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. 450 കോടിക്കുമുകളില്‍ ചിത്രം കളക്ട് ചെയ്തിരുന്നു. ചിത്രത്തില്‍ ഒരുപാട് ഗസ്റ്റ് റോളുകള്‍ ഉണ്ടായിരുന്നു.

അത്തരത്തില്‍ ചര്‍ച്ചയായ ഒന്നായിരുന്നു ശിവകാര്‍ത്തികേയന്റെ കാമിയോ റോള്‍. വിജയ്‌യുടെ പിന്‍ഗാമിയായി ശിവകാര്‍ത്തികേയനെ അനൗണ്‍സ് ചെയ്തു എന്ന തരത്തില്‍ ആ സീന്‍ വലിയ ചര്‍ച്ചയായിരുന്നു. ശിവകാര്‍ത്തികേയന്റെ കാമിയോയെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് അര്‍ച്ചന കല്‍പാത്തി. ശിവകാര്‍ത്തികേയന്റെ സാന്നിധ്യം ആദ്യം മുതലേ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നെന്ന് അര്‍ച്ചന കല്‍പാത്തി പറഞ്ഞു.

സി.എസ്.കെയുടെ മാച്ചിനിടയിലാണ് ക്ലൈമാക്‌സ് സീന്‍ പ്ലാന്‍ ചെയ്തതെന്നും ആ സീനില്‍ ഒരുപാട് കാമിയോ ഉദ്ദേശിച്ചിരുന്നെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ശിവകാര്‍ത്തികേയന് പുറമെ അനിരുദ്ധിനെയും ആ സീനില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നെന്നും സി.എസ്.കെയുടെ വലിയ ആരാധകരാണ് ശിവയും അനിരുദ്ധുമെന്നും അര്‍ച്ചന പറഞ്ഞു.

എന്നാല്‍ അനിരുദ്ധ് ആ സമയത്ത് മറ്റ് സിനിമകളുടെ തിരക്കിലായെന്നും പിന്നീട് ആ സീന്‍ ശിവകാര്‍ത്തികേയനെ വെച്ച് മാത്രം എടുത്തെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. സി.എസ്.കെ എന്ന ടീമിനോടുള്ള ട്രിബ്യൂട്ടായിരുന്നു ആ സീനെന്നും മറ്റ് ഉദ്ദേശങ്ങളൊന്നും തങ്ങള്‍ക്ക് ഇല്ലായിരുന്നെന്നും അര്‍ച്ചന കല്‍പാത്തി പറയുന്നു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അര്‍ച്ചന കല്‍പാത്തി.

‘ശിവകാര്‍ത്തികേയന്റെ കാമിയോ ആദ്യം മുതലേ സ്‌ക്രിപ്റ്റിലുണ്ടായിരുന്നു. കാരണം, ക്ലൈമാക്‌സ് സീന്‍ നടക്കുന്നത് സി.എസ്.കെയുടെ മാച്ചിനിടെയാണ്. ശിവകാര്‍ത്തികേയന്‍ സി.എസ്.കെയുടെ വലിയ ഫാനാണെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ആ സീനിന് കുറച്ചുകൂടി മൈലേജ് കിട്ടാന്‍ ശിവയുടെ പ്രസന്‍സ് വല്ലാതെ ഹെല്‍പ്പ് ചെയ്തു.

ശിവകാര്‍ത്തികേയനെക്കൂടാതെ സി.എസ്.കെയുടെ ആരാധകരായ മറ്റ് ചില ആളുകളെയും കാമിയോ റോളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. അതിലൊരാളാണ് അനിരുദ്ധ്. അയാളും സി.എസ്.കെയുടെ വലിയ ഫാനാണ്. എന്നാല്‍ അനി ആ സമയത്ത് മറ്റ് തിരക്കിലായതുകൊണ്ട് ശിവയെ മാത്രം കൊണ്ടുവന്നു. സി.എസ്.കെയ്ക്ക് ഒരു ട്രിബ്യൂട്ട് എന്ന് മാത്രമേ കരുതിയുള്ളൂ. മറ്റ് ഉദ്ദേശങ്ങളൊന്നും ഞങ്ങള്‍ക്ക് ഇല്ലായിരുന്നു,’ അര്‍ച്ചന കല്‍പാത്തി പറയുന്നു.

Content Highlight: Archana Kalpathi about Sivakarthikeyan’s cameo in The Greatest of All Time