അലഹബാദ്: ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയതെന്ന് പറയപ്പെടുന്ന ശിവലിംഗത്തിന് കാര്‍ബണ്‍ ഡേറ്റിങ് പാടില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.
പരിശോധന ശിവലിംഗത്തിന് കേടുപാടുകള്‍ വരുത്തുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ജനറല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഫോസില്‍ സാന്നിധ്യ ഇല്ലാത്തതിനാല്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്തുന്നത് ശാസ്ത്രീയമല്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. കാലപ്പഴക്കം നിര്‍ണയിക്കാന്‍ മറ്റ് മാര്‍ഗങ്ങളാരായാന്‍ മൂന്ന് മാസം സമയവും എ.എസ്.ഐ ചോദിച്ചിട്ടുണ്ട്.
ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിങ് ആവശ്യപ്പെട്ട് ഹിന്ദുമത വിശ്വാസികളായ നാല് സ്ത്രീകള്‍ നല്‍കിയ ഹരജി കഴിഞ്ഞ മാസം 14ന് വാരണാസി ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.
ശിവലിംഗത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവദിക്കരുതെന്ന് സുപ്രിംകോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരജിക്കാരുടെ ആവശ്യം കോടതി തള്ളിയിരുന്നത്. കാര്‍ബണ്‍ ഡേറ്റിങ് പോലുള്ള നടപടികള്‍ പള്ളിക്കകത്ത് അനുവദിക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയും പറഞ്ഞിരുന്നു.
കഴിഞ്ഞ മേയ് മാസമാണ് ഗ്യാന്‍വാപി പള്ളിയില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്രവെച്ച് സീല്‍ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. സ്ഥലത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ വാരണാസി ജില്ലാ കോടതിയോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഈ ഉത്തരവിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് നേരത്തെ പുറത്തിറക്കിയ ഉത്തരവിന്റെ കാലാവധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അനിശ്ചിത കാലത്തേക്ക് നീട്ടിയത്.
നേരത്തെ പള്ളിയില്‍ നടന്ന സര്‍വേയ്ക്കിടെയാണ് ഇവിടെ ശിവലിംഗം കണ്ടെത്തിയതെന്നാണ് അഭിഭാഷകനായ വിഷ്ണു ജയിന്‍ അവകാശപ്പെട്ടിരുന്നത്. പ്രാര്‍ഥനയ്ക്ക് മുമ്പ് വിശ്വാസികള്‍ ശുദ്ധിനടത്തുന്ന കുളത്തിലെ വെള്ളം വറ്റിച്ചപ്പോള്‍ 12 അടി ഉയരമുള്ള ശിവലിംഗം കണ്ടെടുത്തുവെന്നാണ് പറഞ്ഞിരുന്നത്. അതേസമയം കുളത്തില്‍നിന്ന് ലഭിച്ചത് ശിവലിംഗം അല്ലെന്നാണ് എതിര്‍ഭാഗം അഭിഭാഷകന്റെ വാദം.
CONTENT HIGHLIGHT: Archaeological Survey of India Says Shiv Lingam Found in Gyanwapi Masjid Can’t Be Carbon Dated