ന്യൂദല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ എ.എസ്.ഐ (archaeological Survey of India) സര്‍വേ ഇന്ന് മുതല്‍. സര്‍വേ നടത്താമെന്ന വാരണാസി ജില്ലാ കോടതിയുടെ തീരുമാനം അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍വേ നടപടികള്‍ ഇന്നുതന്നെ ആരംഭിച്ചത്.
സര്‍വേയുടെ ഭാഗമായി 41 ഉദ്യോഗസ്ഥര്‍ മസ്ജിദ് കോംപ്ലക്സിനുള്ളിലെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ചെയ്യുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച സര്‍വേ ഉച്ചയ്ക്ക് 12 വരെ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വേയുടെ ഭാഗമായി മസ്ജിദിന്റെ പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ തന്നെ ബാരിക്കേഡുകളെല്ലാം തീര്‍ത്ത് പൊലീസിന്റെ വലയം തന്നെയുണ്ട് ഇവിടെ. ഉടന്‍ സര്‍വേ നടത്തണം എന്നാണ് ഹിന്ദു വിഭാഗം ആവശ്യപ്പെട്ടിരുന്നത്.
അതിനിടയില്‍, ശാസ്ത്രീയ സര്‍വേക്ക് അംഗീകാരം നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണം, അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണം എന്നീ ആവശ്യങ്ങളായിരിക്കും മസ്ജിദ് കമ്മിറ്റി കോടതിയില്‍ വാദിക്കുക.
ജൂലൈ 21നാണ് വാരണാസി കോടതി പുരാവസ്തു സര്‍വേ വകുപ്പിന്റെ സര്‍വേക്ക് അനുമതി നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടിതിയില്‍ നല്‍കിയ ഹരജിയാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറാണ് സര്‍വേക്ക് അനുമതി നല്‍കിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സര്‍വേക്ക് അനുമതി നല്‍കിയത് ന്യായമാണെന്നും നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ സര്‍വേ നടത്തേണ്ടത് ആവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
ജൂലൈ 25നായിരുന്നു അന്‍ജുമന്‍ പള്ളിക്കമ്മിറ്റി ശാസ്ത്രീയ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദുക്ഷേത്രം തകര്‍ത്താണോ പള്ളി നിര്‍മിച്ചതെന്ന് നിര്‍ണയിക്കാന്‍ സര്‍വേ വേണമെന്നാവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു വാരണാസി കോടതിയുടെ ഉത്തരവ്. വാരണാസി കോടതിയുടെ ഉത്തരവില്‍ ഹൈക്കോടതിയെ സമീപിക്കുന്നതിനായി ജുലൈ 24ന് സര്‍വേ നടത്തുന്നത് ജൂലൈ 26 അഞ്ചുമണി വരെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 3 വരെ ഉത്തരവിന് ഹൈക്കോടതിയും സ്റ്റേ നല്‍കിയിരുന്നു.
Content Highlight: Archaeological Survey of India’S survey at Gyanvapi Masjid in Varanasi from today