തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും സംഘപരിവാറിന്റെ മതരാഷ്ട്രീയ സമീപനങ്ങള്‍ക്കും എതിരെ തുറന്നടിച്ച് ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍. ദീപിക ദിനപത്രത്തില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുടിയേറ്റക്കാരായ മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രശ്‌നമാകുന്നതാണ് പൗരത്വ ഭേദഗതി എന്ന തരത്തില്‍ വരുന്ന പ്രചരണങ്ങള്‍ക്കെതിരെയും മാര്‍ ജോസഫ് പവ്വത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ ലഭിക്കുന്നതിന് വേണ്ടി മുസ്‌ലിം രാജ്യങ്ങളിലെ ഇതര മതസ്ഥരെ പീഡിപ്പിക്കുന്നതായുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് മതന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണെന്നും ആര്‍ച്ച് ബിഷപ്പ് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
മതരാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും ബി.ജെ.പി. അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ 40 ശതമാനം വര്‍ദ്ധിച്ചുട്ടുണ്ടെന്ന കണക്കുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ കൈയ്യേറ്റം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനും യെമനും തൊട്ടു പിന്നാലെ പതിനൊന്നാമതാണ് ഇന്ത്യയുടെ സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയെ ജനാധിപത്യത്തില്‍ നിന്നും മതാധിപത്യത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ലേഖനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
അതിന് ശ്രമിക്കുന്നവരുടെ ഏറ്റവും മൃദുവായ മുഖമാണ് രാഷ്ട്രീയപാര്‍ട്ടിയായ ബി.ജെ.പിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍.എസ്.എസും ബജ്‌രംഗ് ദളും വിഎച്ച്പിയും ശ്രീരാമസേനയും ഗോസംരക്ഷണ സേനയും എല്ലാം ചേരുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്ക് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
മുസ്‌ലിങ്ങളോടും ക്രൈസ്തവരോടും രാജ്യം വിട്ട് പോകാന്‍ ആക്രോശിക്കുന്നതിനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെയും മാര്‍ ജോസഫ് പവ്വത്തില്‍ കടുത്ത ഭാഷയിലാണ് പ്രതിഷേധമറിയിച്ചുട്ടള്ളത്. ബീഫ് നിരോധനത്തിനെതിരെയും വസ്ത്രം നോക്കി പ്രശ്‌നക്കാരെ തിരിച്ചറിയാം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെയും സംസാരിക്കുന്ന ലേഖനത്തില്‍ ജാമിഅ മില്ലിയ, അലിഗഡ് മുസ്‌ലിം സര്‍വകലാശാല എന്നിവയില്‍ നടന്ന പൊലീസ് അക്രമങ്ങളുമെല്ലാം ഇന്ത്യയെ മതാധിപത്യ രാഷ്ട്രമാക്കാനുള്ള സൂചനകളാണെന്നും വ്യക്തമാക്കുന്നു.