| Monday, 20th March 2023, 9:13 am

കോണ്‍ഗ്രസിനോടോ സി.പി.ഐ.എമ്മിനോടോ പറഞ്ഞിട്ട് കാര്യമുണ്ടോ? സംസാരിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷിയോട്: തലശ്ശേരി ആര്‍ച്ച് ബിഷപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ബി.ജെ.പിക്ക് കേരളത്തില്‍ എം.പി ഇല്ലാത്ത വിഷമം മാറ്റിത്തരാം എന്ന പ്രസ്താവന തെറ്റായി തോന്നുന്നില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ജോസഫ് പാംപ്ലാനി. കര്‍ഷകരെ, കാലങ്ങളായി ഭരിക്കുന്ന മുന്നണികള്‍ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഈ പ്രസ്താവന ചര്‍ച്ചയാകുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

‘വിഷയം ചര്‍ച്ചയാകുന്നതില്‍ സന്തോഷമേയുള്ളൂ. ഞങ്ങള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും തന്നെ മുഖവിലക്കെടുക്കില്ലായിരുന്നു. വാസ്തവത്തില്‍ ഇപ്പോള്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ മുന്നണികളും ഈയൊരു വിഷയം ഗൗരവമായി എടുക്കുകയും എന്താണ് കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് അന്വേഷിക്കുകയും ചെയ്യുന്നുവെന്നത് ഭാവാത്മകമായ കാര്യമായാണ് ഞാന്‍ മനസിലാക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

റബറിന് 300 രൂപ കൊടുത്താല്‍ ഉടനെ ബി.ജെ.പിക്ക് ഇവിടെ എം.പി ഉണ്ടാകുമെന്ന അര്‍ത്ഥത്തിലല്ല താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ പ്രസ്താവന തെറ്റായി തോന്നുന്നില്ല. കര്‍ഷകരെ വിവിധ മുന്നണികള്‍ കബളിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. കര്‍ഷകരുടെ ശബ്ദമായാണ് ഞാന്‍ ആ കാര്യം പറഞ്ഞത്. ഇവിടെ സഭ ബി.ജെ.പിയുടെ പക്ഷത്തേക്ക് പോകുമെന്നോ ക്രൈസ്തവരും ബി.ജെ.പിയും തമ്മില്‍ അലയന്‍സായെന്നോ ദുര്‍ വ്യാഖ്യാനങ്ങള്‍ നല്‍കുന്നവര്‍ക്ക് അവരുടേതായ ദുരുദ്ദേശങ്ങളുണ്ടാകും. അതിനെ സഭയുടെ നീക്കമായി നിങ്ങള്‍ എന്തിനാണ് വ്യാഖ്യാനിക്കുന്നത്.

ഞാന്‍ ഈ ളോഹ ധരിച്ചുവെന്നത് കൊണ്ട് പറയുന്നതെല്ലാം ളോഹയുടെ ശബ്ദമല്ല. ഞാനവിടെ സംസാരിക്കുന്നത് മലയോരത്തെ കര്‍ഷകരുടെ പ്രതിനിധിയായാണ്,’ പാംപ്ലാനി പറഞ്ഞു.

റബറിന്റെ വില കൂട്ടണമെങ്കില്‍ ഇവിടെ കോണ്‍ഗ്രസിനോടോ സി.പി.ഐ.എമ്മിനോടോ പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും അത് ഇറക്കുമതി തീരുവക്ക് മാറ്റം നടത്താന്‍ സാധിക്കുന്ന കേന്ദ്ര സര്‍ക്കാറിനോടാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ സംസാരിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷിയോടാണെന്നും അല്ലാതെ പള്ളി ആക്രമിക്കുന്ന ഏതെങ്കിലും സംഘികളോടല്ലെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ കേരളത്തില്‍ എം.പി ഇല്ലെന്ന് പറഞ്ഞ് കരയുകയല്ല വേണ്ടത്, കര്‍ഷകന്റെ ആവശ്യം ആദ്യം നടത്തികൊടുക്ക് അപ്പോള്‍ കര്‍ഷകര്‍ നിങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്,’ ആര്‍ച്ച് ബിഷപ്പ് പറയുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുമെന്ന ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന വിവാദമായിരുന്നു. കേരളത്തില്‍ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

content highlight: arch bishop joseph pamplani about his controversial statement

We use cookies to give you the best possible experience. Learn more