| Saturday, 25th February 2023, 9:18 pm

കളീം തോറ്റ്, ലീഗില്‍ നിന്നും പുറത്തായി, ഇതിപ്പോള്‍ ലെവന്‍ഡോസ്‌കി ഗോളടിച്ചപ്പോള്‍ കോടികളുടെ നഷ്ടവും; ഇടിവെട്ടിയ ബാഴ്‌സയെ പാമ്പും കടിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഒരു ഗോളിന് പരാജയപ്പെട്ട് ബാഴ്‌സലോണ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം.

നേരത്തെ, ക്യാമ്പ് നൗവില്‍ വെച്ച് നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരുടീമും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചിരുന്നു. എന്നാല്‍ എവേ മത്സരത്തിലെ തോല്‍വിയാണ് കറ്റാലന്‍മാരെ യൂറോപ്പാ ലീഗില്‍ നിന്നും പുറത്താക്കിയത്.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തോല്‍വി.

18ാം മിനിട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പെനാല്‍ട്ടിയിലൂടെ ബാഴ്‌സ മുമ്പിലെത്തിയിരുന്നു. ആദ്യപകുതിയില്‍ മുന്നിട്ട് നിന്ന ബാഴ്‌സ രണ്ടാം പകുതിയില്‍ പരാജയം ചോദിച്ച് വാങ്ങുകയായിരുന്നു.

47ാം മിനിട്ടില്‍ ഫ്രെഡിലൂടെ സമനില നേടിയ റെഡ് ഡെവിള്‍സ് 73ാം മിനിട്ടില്‍ ആന്തണിയിലൂടെ വിജയഗോളും സ്വന്തമാക്കി. 4-3 എന്ന അഗ്രഗേറ്റ് സ്‌കോറിലായിരുന്നു യുണൈറ്റഡിന്റെ വിജയം.

അതേസമയം, റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഗോളിലൂടെ ബാഴ്‌സക്ക് 1.25 മില്യണ്‍ യൂറോ നഷ്ടമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ലെവന്‍ഡോസ്‌കിയെ ടീമിലെത്തിക്കുമ്പോള്‍ ബയേണുമായുണ്ടാക്കിയ കരാറിലെ സ്‌പെഷ്യല്‍ ക്ലോസ് പ്രകാരമാണിത്.

ക്യാമ്പ് നൗവിലെത്തി ലെവന്‍ഡോസ്‌കി 25 ഗോള്‍ തികയ്ക്കുമ്പോള്‍ 1.25 മില്യണ്‍ യൂറോ ബാഴ്‌സ ബയേണിന് നല്‍കണമെന്നായിരുന്നു കരാര്‍. മുണ്ടോ ഡിപ്പോര്‍ട്ടീവയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാഴ്‌സക്കായി കളിച്ച 30 മത്സരത്തില്‍ നിന്നുമാണ് താരം 25 ഗോള്‍ നേടിയത്. തുടര്‍ച്ചയായ 12ാം സീസണിലാണ് ലെവന്‍ഡോസ്‌കി ഇരുപത്തിയഞ്ചോ അതിലധികമോ ഗോള്‍ നേടുന്നത്.

യൂറോപ്പാ ലീഗില്‍ നിന്നും പുറത്തായതോടെ കോപ്പ ഡെല്‍ റേയും ലാ ലീഗ കിരീടവുമാണ് ബാഴ്‌സ ഇനി ലക്ഷ്യം വെക്കുന്നത്.

മാര്‍ച്ച് മൂന്നിനാണ് കോപ്പ ഡെല്‍ റേ സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ബാഴ്‌സ ചിരവൈരികളായ റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടുന്നത്. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവാണ് വേദി.

അതേസമയം, ലാ ലീഗയില്‍ ബാഴ്‌സ എതിരാളികളേക്കാള്‍ ബഹുദൂരം മുമ്പിലാണ്. രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാള്‍ എട്ട് പോയിന്റാണ് ബാഴ്‌സക്ക് അധികമുള്ളത്. 22 മത്സരത്തില്‍ നിന്നും 59 പോയിന്റോടെയാണ് ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ലാ ലീഗയില്‍ അല്‍മേറിയക്കെതിരെ ഫെബ്രുവരി 26നാണ് ബാഴ്‌സയുടെ അടുത്ത മത്സരം.

Content Highlight: Barcelona should pay 1.25 million euros to Bayern Munich after Robert Lewandowski scores 25th goal, reports

We use cookies to give you the best possible experience. Learn more