ബാഗ്ദാദ്: ഇറാഖില്‍ നിയമവിരുദ്ധമായ വധശിക്ഷകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റവാളികളുടെ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും അറിയിക്കാതെയുള്ള വധശിക്ഷ നടപ്പിലാക്കല്‍ രാജ്യത്ത് സാധാരണമാകുകയാണെന്ന് മനുഷ്യാവകാശ സംഘടനായ ഹ്യൂമന്‍ റൈറ്റ് വാച്ച് പറഞ്ഞു.
പൗരന്മാരെ ഇറാഖ് ഭരണകൂടം അന്യായമായി തടങ്കലില്‍ വെക്കുകയാണെന്നും വിചാരണ ചെയ്യുകയാണെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടക്കാട്ടി. 2024ല്‍ ഇറാഖില്‍ വധശിക്ഷ നടപ്പിലാക്കുന്നത് ഗണ്യമായി കൂടിയെന്നും സംഘടന പറയുന്നു.
ഭരണകൂടത്തിനെതിരെ സംസാരിച്ചതിന്റെ പേരിലും ചോദ്യങ്ങള്‍ ഉന്നയിച്ചതിനെതിരെയും ഇറാഖ് സര്‍ക്കാര്‍ ഒട്ടനവധി കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും ഹ്യൂമന്‍ റൈറ്റ് വാച്ച് പറഞ്ഞു.
‘ഭരണകൂടം അനുവദിക്കുന്ന വധശിക്ഷ ഇറാഖ് അന്യായമായി നടപ്പിലാക്കുകയാണ്,’ എന്ന് എച്ച്.ആര്‍.ഡബ്ലിയുവിന്റെ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ ലാമ ഫക്കിഹ് ചൂണ്ടിക്കാട്ടി.
സെപ്റ്റംബറില്‍ ഇറാഖ് നടപ്പിലാക്കിയത് 50 വധശിക്ഷകളാണ്. ജൂണില്‍ 63 പേരുടെ വധശിക്ഷ ഇറാഖ് നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോണിറ്ററിങ് ഗ്രൂപ്പായ അഫാദാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇറാഖ് തൂക്കിലേറ്റിയ ഭൂരിഭാഗം കുറ്റവാളികളും ഭൂമി, ബിസിനസ് സംബന്ധിച്ച കേസുകളില്‍ ഉള്‍പ്പെട്ടിരുന്നവരായിരുന്നു. അതേസമയം തീവ്രവാദ കേസുകളില്‍ വിചാരണ നേരിടുന്നവര്‍ക്കെതിരായ തെളിവുകള്‍ പലപ്പോഴും ദുര്‍ബലമാണെന്നും അവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഇറാഖിലെ ജയിലുകളില്‍ നിര്‍ബന്ധിത കുറ്റസമ്മതം നിലനില്‍ക്കുന്നുണ്ടെന്നും സംഘടനകള്‍ പറയുന്നു. നിയമവിരുദ്ധമായി വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ വര്‍ഷങ്ങളായി നടക്കുന്ന പോരാട്ടണങ്ങളെ ഇറാഖ് ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
Content Highlight: Arbitrary detention and extrajudicial executions on the rise in Iraq; Report