| Monday, 5th September 2022, 3:36 pm

പ്രഗ്നാനന്ദമായി തോല്‍പ്പിച്ച് സ്വന്തം നാട്ടുകാരന്‍; ഭസ്മക്കുറിയില്‍ വെട്ടിലായി സംഘപരിവാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം. ദുബൈ ചെസ് ഓപ്പണിലാണ് ആര്‍. പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി 22കാരനായ അരവിന്ദ് ചിദംബരം കിരീടം ചൂടിയത്. തമിഴ്‌നാട്ടുകാരാണ് ഇരുവരും.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പ്രഗ്നാനന്ദയെ അരവിന്ദ് അടിയറവ് പറയിപ്പിച്ചത്. 7.5/9 പോയിന്റാണ് അരവിന്ദ് നേടിയത്. 7 പോയിന്റ് നേടിയ പ്രഗ്നാനന്ദയും റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രെഡ്ക് അലക്‌സാണ്ടറും രണ്ടാം സ്ഥാനത്തെത്തി.

ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ തോല്‍പ്പിച്ചതിലൂടെയാണ് അടുത്ത കാലത്ത് പ്രഗ്നാനന്ദ നാഷണല്‍ സെന്‍സേഷനായി മാറിയത്. ആഘോഷങ്ങള്‍ക്കപ്പുറം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഈ സംഭവം വഴിവെച്ചിരുന്നു.

പ്രഗ്നാനന്ദയെ വാഴ്ത്തിപ്പാടുന്നതിനൊപ്പം കാള്‍സണെ അപമാനിച്ചുകൊണ്ട് കൂടി പലരുമെത്തിയത് പിന്നീട് വലിയ വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു. പ്രഗ്നാനന്ദ ഭസ്മം തൊടുന്നതുകൊണ്ടാണ് കളിയില്‍ വിജയിക്കാന്‍ കഴിയുന്നതെന്ന നിലയില്‍ സംഘപരിവാര്‍ വൃത്തങ്ങള്‍ പ്രചരണം ആരംഭിച്ചതും ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

മത്സരങ്ങളെ അത്തരത്തില്‍ കാണാന്‍ കഴിയണമെന്നും ജയപരാജയങ്ങള്‍ സ്വാഭാവികമാണെന്ന് എല്ലാവരും മനസിലാക്കണമെന്നും പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

അതേസമയം പ്രഗ്നാനന്ദയുടെയും അരവിന്ദിന്റെയും വിജയത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് ഇരുവരുടെയും പരിശീലകനായ രാമചന്ദ്രന്‍ രമേഷാണ്. ആ സന്തോഷം അദ്ദേഹം ട്വീറ്റിലൂടെ പങ്കുവെക്കുകയും ചെയ്തു.

‘ഡബിള്‍ ആനന്ദമാണിത്. 7.5/9 പോയിന്റ് എന്ന വ്യക്തമായ ലീഡോടെ ദുബായ് ഓപ്പണ്‍ വിജയിച്ച അരവിന്ദ് ചിദംബരത്തിന് അഭിനന്ദനങ്ങള്‍. രണ്ടാം സ്ഥാനത്തെത്തിയ തുടക്കക്കാരന്‍ പ്രഗ്നാനന്ദക്ക് അഭിനന്ദനം. നിങ്ങളെ കുറിച്ച് വലിയ അഭിമാനുമുണ്ട് കുട്ടീസ്,’ രാമചന്ദ്രന്‍ രമേഷിന്റെ ട്വീറ്റില്‍ പറയുന്നു.

ആദ്യ നാഷണല്‍ ട്രിപ്പിള്‍ ക്രൗണ്‍ ചാമ്പ്യനായ അരവിന്ദ് റാപ്പിഡ് – ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പുകളിലെ നിലവിലെ ചാമ്പ്യന്‍ കൂടിയാണ്. ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങള്‍ കാരണം ഇക്കഴിഞ്ഞ ചെസ് ഒളിമ്പ്യാഡിന് പങ്കെടുക്കാന്‍ അരവിന്ദിന് കഴിഞ്ഞിരുന്നില്ല.

Content Highlight: Aravindh Chithambaram defeats Praggnanandhaa to clinch Dubai Open | Video

സ്പോര്‍ട്സ് ഡെസ്‌ക്