| Saturday, 28th September 2024, 7:42 am

ഞാന്‍ ആ മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു; അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്ക് സന്തോഷം നല്‍കുന്നു: അരവിന്ദ് സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അരവിന്ദ് സ്വാമി. ഇപ്പോള്‍ മമ്മൂട്ടിയുടെ സിനിമകളെ കുറിച്ച് പറയുകയാണ് അദ്ദേഹം. മമ്മൂട്ടി ഈയിടെ ചെയ്യുന്ന സിനിമകളൊക്കെ ഏറെ മികച്ചതാണെന്നും അതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നുമാണ് അരവിന്ദ് സ്വാമി പറയുന്നത്.

ഭ്രമയുഗം താന്‍ കാണാന്‍ കാത്തിരുന്ന സിനിമയാണെന്നും മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കമെന്ന സിനിമ താന്‍ കണ്ടിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. എപ്പോഴും പ്രേക്ഷകര്‍ക്ക് പുതിയ തരം സിനിമകള്‍ നല്‍കാന്‍ മമ്മൂട്ടി കാണിക്കുന്ന ആവേശം ഒരു പ്രചോദനമാണെന്നും അരവിന്ദ് സ്വാമി പറഞ്ഞു.

‘മമ്മൂക്ക ഈയിടെ ചെയ്യുന്ന സിനിമകളൊക്കെ വളരെ മികച്ചതാണ്. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഭ്രമയുഗം ഞാന്‍ കാണാന്‍ കാത്തിരുന്ന സിനിമയാണ്. പിന്നെ ഞാന്‍ അദ്ദേഹത്തിന്റെ മറ്റൊരു സിനിമ ഈയിടെ കണ്ടിരുന്നു. മമ്മൂക്കയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ ഞാന്‍ കണ്ടു. അത് വളരെ നല്ലൊരു സിനിമയാണ്.

ശരിക്കും അദ്ദേഹം ഒരു ഇന്‍സ്പിരേഷനാണ്. മമ്മൂക്ക എപ്പോഴും പുതിയ തരം സിനിമകള്‍ നല്‍കാന്‍ കാണിക്കുന്ന ആവേശം ശരിക്കും ഒരു പ്രചോദനമാണ്. കാതല്‍ ദി കോര്‍ എന്ന സിനിമയൊക്കെ ഒരുപാട് മികച്ച സിനിമയാണ്,’ അരവിന്ദ് സ്വാമി പറഞ്ഞു.

താന്‍ മലയാള സിനിമകള്‍ കാണാറുണ്ടെന്നും ഒരുപാട് സിനിമകള്‍ കണ്ടിട്ടില്ലെങ്കിലും മഞ്ഞുമ്മല്‍ ബോയ്സ് കണ്ടിട്ടുണ്ടെന്നും ആ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ഞുമ്മല്‍ ബോയ്സിന് മുമ്പ് തന്നെ താന്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ ഒരു ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും അരവിന്ദ് സ്വാമി പറയുന്നുണ്ട്.


Content Highlight: Aravind Swami Talks About Mammootty And His Movies

We use cookies to give you the best possible experience. Learn more