ഇന്ത്യയില്‍ ഏറെ ആരാധകരുള്ള സംഗീത റിയാലിറ്റി ഷോയാണ് സ രി ഗ മ പ. മലയാളം, തമിഴ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സ രി ഗ മ പയുടെ ഹിന്ദി വേര്‍ഷനില്‍ വിധികര്‍ത്താക്കളുടെയും സ്‌പെഷ്യല്‍ ജൂറി മെമ്പര്‍മാരുടെയും പ്രശംസയേറ്റു വാങ്ങുകയാണ് മലയാളിയായ അരവിന്ദ്.
ശങ്കര്‍ മഹാദേവന്‍ ഒരുക്കിയ ‘തന്‍ഹായി’ എന്ന ഹിന്ദി ഗാനമാലപിച്ചാണ് അരവിന്ദ് വിധികര്‍ത്താക്കളെ ഞെട്ടിച്ചത്. പാട്ട് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ സ്‌പെഷ്യല്‍ ജൂറി അംഗങ്ങള്‍ കൈയടിച്ചു തുടങ്ങിയിരുന്നു. ഹിമേഷ് രെഷമ്മിയ, വിശാല്‍ ദദ്‌ലാനി, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയ പ്രധാന വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് നിന്നാണ് അരവിന്ദിന്റെ പ്രകടനത്തിന് അഭിനന്ദനമര്‍പ്പിച്ചത്.
വേദിയില്‍ അപൂര്‍വമായി മാത്രമാണ് സ്‌പെഷ്യല്‍ ജൂറി അംഗങ്ങള്‍ എല്ലാവരും തന്നെ ഒരാളുടെ പ്രകടനത്തിനെ അഭിനന്ദിക്കാറുള്ളതെന്നും, അത്തരത്തില്‍ ഒരു പ്രകടനമാണ് അരവിന്ദ് നടത്തിയതെന്നുമാണ് പ്രധാന വിധികര്‍ത്താക്കളിലൊരാളായ ശങ്കര്‍ മഹാദേവന്‍ പറഞ്ഞത്.
പ്രകടനത്തിന് മുന്‍പു തന്നെ അരവിന്ദ് വിധികര്‍ത്താക്കളെ കയ്യിലെടുത്തിരുന്നു. പാട്ട് പാടുന്നതല്ലാതെ മറ്റെന്തൊക്കെ ചെയ്യാറുണ്ടെന്ന വിധി കര്‍ത്താക്കളുടെ ചോദ്യത്തിന് ഡാന്‍സും വര്‍ക്ക് ഔട്ടുമാണ് തന്റെ മെയ്ന്‍ എന്നാണ് അരവിന്ദ് പറയുന്നത്.
ദിവസവും നാല് മണിക്കൂറോളം താന്‍ ജിമ്മില്‍ ചെലവഴിക്കാറുണ്ടെന്നാണ് അരവിന്ദ് പറഞ്ഞത്. എന്നാല്‍ തീരെ മെലിഞ്ഞ അരവിന്ദിനെ കണ്ട് ജിമ്മില്‍ പെണ്‍കുട്ടികളെ കാണാന്‍ പോവുകയാണല്ലേ എന്ന രെഷമ്മിയയുടെ ചോദ്യത്തിന് പെണ്‍കുട്ടികള്‍ തന്റെ പിന്നാലെയാണ് വരാറുള്ളത് എന്ന അരവിന്ദിന്റെ മറുപടിയില്‍ സെറ്റിലൊന്നാകെ ചിരി പടരുകയായിരുന്നു.
2019ലാണ് സ രി ഗ മ പയുടെ മലയാളം വേര്‍ഷന്‍ സംപ്രേക്ഷണമാരംഭിച്ചത്. പരിപാടിയുടെ ആദ്യ എപ്പിസോഡ് മുതല്‍ തന്നെ വലിയ ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാന്‍ പരിപാടിക്ക് സാധിച്ചിരുന്നു. ലിബിന്‍ സ്‌കറിയ ആയിരുന്നു സ രി ഗ മ പ മലയാളത്തിന്റെ ആദ്യ സീസണിലെ വിജയി.