ഗുജറാത്തികള്‍ ബി.ജെ.പിക്കും ആം ആദ്മിക്കും മാത്രമേ വോട്ട് ചെയ്യൂ; തെരഞ്ഞെടുപ്പ് ഫലം മാധ്യമപ്രവര്‍ത്തകര്‍ക്ക് എഴുതി നല്‍കി കെജ്‌രിവാള്‍
national news
ഗുജറാത്തികള്‍ ബി.ജെ.പിക്കും ആം ആദ്മിക്കും മാത്രമേ വോട്ട് ചെയ്യൂ; തെരഞ്ഞെടുപ്പ് ഫലം മാധ്യമപ്രവര്‍ത്തകര്‍ക്ക് എഴുതി നല്‍കി കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th November 2022, 9:36 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി തന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എഴുതി നല്‍കി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹിയിലും പഞ്ചാബിലും താന്‍ പ്രവചിച്ചത് തന്നെയാണ് സംഭവിച്ചതെന്നും ഗുജറാത്തിലും അത് തന്നെ ആവര്‍ത്തിക്കുമെന്നാണ് ആം ആദ്മി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ വാക്കുകള്‍. സൂറത്തില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളത്തിനിലാണ് കെജ്‌രിവാള്‍ ഈ പ്രഖ്യാപനം നടത്തിയത്.

‘ഞാന്‍ ഇത് നിങ്ങള്‍ക്ക് എഴുതി നല്‍കാം. എ.എ.പി ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന എന്റെ വാക്കുകള്‍ കുറിച്ച് വെച്ചേക്കു. 27 വര്‍ഷം നീണ്ട കുത്തഴിഞ്ഞ ഭരണത്തിന് ശേഷം അവരില്‍ (ബി.ജെ.പി) നിന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് ഒരു ആശ്വാസം ലഭിക്കും,’ കെജ്‌രിവാള്‍ പറഞ്ഞു. ഇതെല്ലാം അവിടെ വെച്ച് തന്നെ ഒരു കടലാസില്‍ എഴുതി ഒപ്പിട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ അദ്ദേഹം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ബി.ജെ.പി പരാജയഭീതിയിലാണെന്ന് പറഞ്ഞ അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.

’27 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ബി.ജെ.പി അസ്വസ്ഥരായിരിക്കുകയാണ്. പുറത്തിറങ്ങി ആരോടെങ്കിലും നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യുകയെന്ന് ചോദിച്ചാല്‍ അവര്‍ എ.എ.പി എന്നോ ബി.ജെ.പി എന്നോ ആകും മറുപടി നല്‍കുക. എന്നിട്ട് അഞ്ച് മിനിട്ട് കഴിയുമ്പോള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞവര്‍ തിരിച്ചുവന്ന് അവരും അവരുടെ നാട്ടിലുള്ളവരുമെല്ലാം ചൂലിനാണ് വോട്ട് ചെയ്യുന്നതെന്ന് പറയും.

ഞങ്ങള്‍ നേരത്തെ നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. പക്ഷെ ഗുജറാത്തിലെ പോലെ ആളുകള്‍ ഇത്രയും പേടിച്ചിരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ കണ്ടിട്ടില്ല. ആര്‍ക്കാണ് വോട്ട് ചെയ്യുകയെന്ന് തുറന്ന് പറയാന്‍ പോലും ഇവിടെ സാധാരണക്കാര്‍ക്ക് ഭയമാണ്.

പിന്നെ, കോണ്‍ഗ്രസ് വോട്ടര്‍മാരെ കാണാന്‍ പോലും കിട്ടുന്നില്ല. ബി.ജെ.പി അനുഭാവികളെല്ലാം വലിയ തോതില്‍ ആം ആദ്മിക്ക് വോട്ട് ചെയ്യുന്നതും നിങ്ങള്‍ കാണും,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം ഡിസംബര്‍ ഒന്നിനാണ് ഗുജറാത്തില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാം ഘട്ടം. ഡിസംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. ആദ്യഘട്ട തെരഞ്ഞടുപ്പില്‍ 89 മണ്ഡലങ്ങളിലും, രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.

ആകെ 182 നിയമസഭാ സീറ്റുകളാണ് ഗുജറാത്തിലുള്ളത്. മൊത്തം 4.9 കോടി വോട്ടര്‍മാരില്‍, 3,24,420 പേരും കന്നിവോട്ടര്‍മാരാണ്.

1995 മുതല്‍ ബി.ജെ.പി ഭരണത്തില്‍ തുടരുന്ന ഗുജറാത്തില്‍ വലിയ വെല്ലുവിളിയാണ് ഇത്തവണ അവര്‍ നേരിടുന്നത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇരുവര്‍ക്കും പകരം പുതിയ ബദല്‍ കൊണ്ടുവരുമെന്ന വാഗ്ദാനവുമാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്.

ഭാരത് ജോഡോ യാത്രക്കിടെ ഇടവേളയെടുത്തായിരുന്നു ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്തില്‍ തുടര്‍ച്ചയായി പൊതുറാലികളില്‍ പങ്കെടുക്കുന്നുണ്ട്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വലിയ ക്യാമ്പെയ്‌നുകളാണ് ആം ആദ്മിയും നടത്തുന്നത്.

Content Highlight: Aravind Kejriwal writes down Gujarat Election results and shows to Media