| Saturday, 14th May 2022, 8:03 am

കേരളത്തില്‍ ആപ്പിന്റെ സാധ്യത തേടി കെജ്‌രിവാള്‍ കൊച്ചിയിലെത്തും; കിഴക്കമ്പലത്തെ പൊതുയോഗത്തില്‍ പ്രസംഗിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതിന്റെ തുടക്കമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കൊച്ചിയിലെത്തും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കെജ്‌രിവാളിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. അതിനൊപ്പം തന്നെ ആം ആദ്മി പാര്‍ട്ടിയും ട്വന്റി- 20യും തമ്മിലെ സഹകരണവും അദ്ദേഹം പ്രഖ്യാപിക്കും.

ഞായറാഴ്ച ട്വന്റി- 20യുടെ ശക്തികേന്ദ്രമായ കിഴക്കമ്പലത്ത് പൊതുസമ്മേളനത്തില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. തൃക്കാക്കരയില്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള ചിത്രവും ഞായറാഴ്ചയോടെ വ്യക്തമാവും.

ദല്‍ഹിക്ക് പുറമെ പഞ്ചാബിലും അധികാരം പിടിച്ച ശേഷമാണ് ആപ്പ് കേരളത്തിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. കിഴക്കമ്പലത്തെ ട്വന്റി- 20യുടെ കൂടെയാണ് ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എ.എ.പിയുടെ സഹകരണമെന്നതും ശ്രദ്ധേയമാണ്.

നേരത്തെ, ഇരുമുന്നണികളും സംയുക്തമായി തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം കല്‍പിക്കുന്നതെന്നും അതിനാല്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഇരുവരും നേരത്തെ അറിയിച്ചത്.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനുള്ള അവസരം ഉപയോഗിക്കാത്തതില്‍ ആപ്പിലെ ഒരു വിഭാഗം ആളുകള്‍ക്ക് കടുത്ത അതൃപ്തിയും നിലവിലുണ്ട്.

തൃക്കാക്കരയില്‍ സഖ്യം ആരെ തുണയ്ക്കുമെന്നതാണ് ആകാംക്ഷയ്ക്ക് വഴി വെക്കുന്നത്. യു.ഡി.എഫിന് അനുകൂലമായ നിലപാടായിരിക്കും സാബു എം. ജേക്കബ് സ്വീകരിക്കുക എന്നതാണ് ഇതുവരെ പുറത്തുവരുന്ന സൂചനകള്‍. കോണ്‍ഗ്രസ് ട്വന്റി-20യെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ട്വന്റി-20 ഏതെങ്കിലും ഒരു മുന്നണിയ്ക്ക് പരസ്യപിന്തുണ നല്‍കാന്‍ സാധ്യത കുറവാണ്. മനസാക്ഷി വോട്ടിനാകും ആഹ്വാനമെന്നാണ് സൂചന.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷവും ട്വന്റി-20യുമായി സഖ്യം തുടരണമോ എന്ന കാര്യത്തില്‍ എ.എ.പി.യോ അരവിന്ദ് കെജ്‌രിവാളോ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല എന്നാണ് സൂചനകള്‍.

Content Highlight:  Aravind Kejriwal visits Kerala, Chances for alliance wit Twenty 20

We use cookies to give you the best possible experience. Learn more