ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച എത്തിയിരുന്നു.
സിന്‍ഗുവിലെ പ്രതിഷേധ വേദിയിലേക്ക് കെജ്‌രിവാളിനൊപ്പം മന്ത്രി സഭയിലെ ചില അംഗങ്ങളും എം.എല്‍.എമാരും അനുഗമിച്ചിരുന്നു.
കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കുന്നെന്നും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ന്യായമാണ്. കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷക പ്രതിഷേധ വേദി സന്ദര്‍ശിച്ച ഒരു സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍.
‘ഞാനും എന്റെ പാര്‍ട്ടിയും തുടക്കം മുതല്‍ കര്‍ഷകര്‍ക്കൊപ്പം നിന്നു. അവരുടെ പ്രതിഷേധത്തിന്റെ തുടക്കത്തില്‍ ഒന്‍പത് സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ ദല്‍ഹി പൊലീസ് അനുമതി തേടിയിരുന്നു. എന്റെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷേ ഞാന്‍ അതിന് അനുവാദം നല്‍കിയില്ല.’ കെജ്രിവാള്‍ പറഞ്ഞു.
Content Highlights:Aravind Kejriwal twitter in House arrest